
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ വൻ തീപിടിത്തം. കറുകുറ്റിയിലെ മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അങ്കമാലി ഫയർസ്റ്റേഷനിലെ രണ്ട് യൂനിറ്റുകൾ സ്ഥലത്തുണ്ട്.
ചാലക്കുടി അടക്കമുള്ള ഫയർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ യൂനിറ്റുകളെ എത്തിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടത്തിനുള്ള ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
കെട്ടിടത്തിന്റെ മുൻ വശത്താണ് തീപിടിച്ചത്. മൂന്നു നിലയിലെ ആദ്യ നിലയിൽ റസ്റ്റാറന്റാണ്. മൂന്നുനില കെട്ടിടം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. റോഡിലൂടെ പോവുന്നവരാണ് തീപടരുന്നത് ആദ്യം ശ്രദ്ധിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടർന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്.