യുഎസിലെ കോളേജുകളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പാന്‍ഡമിക്കിനു ശേഷം അമേരിക്കയിലെ വിവിധ കോളേജുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.

ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവാണുള്ളത്. ഈ വര്‍ഷം മാത്രം ഏകദേശം 269,000 വിദ്യാര്‍ത്ഥികളാണ് യുഎസിലെ വിവിധ കോളേജുകളില്‍ പ്രവേശനം നേടിയത്. ഭൂരിഭാഗം പേരും ശാസ്ത്രം, ടെക്‌നോളജി, ബിസിനസ്സ് എന്നിവയിലാണ് ബിരുദ പ്രോഗ്രാമുകള്‍ ചെയ്യുന്നത്. വിദ്യാഭ്യാസത്തില്‍ ഇന്ത്യയുമായി അമേരിക്ക ശക്തമായ ബന്ധം പുലര്‍ത്തുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അക്കാദമിക് എക്സ്ചേഞ്ചിന്റെ ആക്ടിംഗ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മരിയാന്‍ ക്രാവന്‍ പറഞ്ഞു.

2022-23 അധ്യയന വര്‍ഷത്തില്‍ യുഎസിലേക്കെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 2019-20 അധ്യയന വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഒരു നൂറ്റാണ്ടിലേറെയായി വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള രാജ്യം യുഎസ് ആയി തുടരുന്നുവെന്ന കാര്യമാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ സിഇഒ അലന്‍ ഇ ഗുഡ്മാന്‍ പറഞ്ഞു.