ബെംഗലൂരു: എംബിബിഎസ് ബിരുദം നേടി ഡോക്ടറായ സന്തോഷവുമായി വീട്ടിലേക്ക് മടങ്ങും വഴി പാമ്പുകടിയേറ്റ് മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശിയായ അദിത് ബാലകൃഷ്ണൻ ( 21) ആണ് ബെംഗലൂരുവിൽ മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ബെംഗലൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെ തുംകൂരുവിന് സമീപം ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിൽ നിന്ന് ബിരുദദാന ചടങ്ങ് കഴിഞ്ഞ് മടങ്ങും വഴിയാണ് പാമ്പ് കടിച്ചത് എന്നു കരുതുന്നു. പാമ്പു കടിയേറ്റ വിവരം യുവാവ് അറിഞ്ഞിരുന്നില്ല.
രാത്രി 11 മണിയോടെയാണ് യുവാവ് താമസസ്ഥലത്ത് എത്തുന്നത്. ബുരുദദാന ചടങ്ങിനെത്തിയ അമ്മയും മറ്റ് ബന്ധുക്കളും ഇയാളുടെ ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ഉടനെ യുവാവ് കുഴഞ്ഞു വീണു. ഉടനെ തൊട്ടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളുടെ മൃതദേഹത്തിൽ പാമ്പുകടിയേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിൽ പാമ്പ് വിഷമേറ്റാണ് മരണം എന്നു സ്ഥിരീകരിച്ചു. പാർക്കിങ് ഏരിയയിൽ നിന്നോ മറ്റോ ആയിരിക്കാം പാമ്പ് കടിച്ചതെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ശശി തരൂർ എംപി യായിരുന്നു ബിരുദദാന ചടങ്ങിൽ അതിഥിയായി എത്തിയത്. വളരെ സന്തോഷവാനായിരുന്നു അദിത് എന്ന് കൂട്ടുകാർ ഓർമിക്കുന്നു. മൃതദേഹം ഇന്നലെ കോളജിൽ പൊതുദർശനത്തിന് വച്ചു. അദിതിന്റെ പിതാവ് ഇറ്റലിയിലാണ് .അദ്ദേഹം എത്തിയ ശേഷമായിരിക്കും മറ്റ് നടപടികൾ.
A Kerala student dies of snake bite hours after receiving his MBBS degree