എന്നും വ്യവസ്ഥിതിക്ക് എതിര് നിന്നു, പോരാടി ജയിച്ചുവന്നവൻ എന്തിനാണ് സ്വയം ഇല്ലാതായത്?

ഇന്നലെ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം. കുഞ്ഞാമനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്….

കേരളത്തിലെ സാമ്പത്തികശാസ്ത്ര അധ്യാപകരിൽ ഏറ്റവും മികച്ചവരിൽ ഒരാളായിരുന്നു ഡോ. കുഞ്ഞാമൻ. കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക ചരിത്രത്തെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നിലനിൽക്കുന്ന വ്യവസ്ഥികളോട് നിരന്തരം കലഹിക്കുകയും ഒരു മടിയും കൂടാതെ ഏതു സദസ്സിലും വച്ച് വിമർശിക്കുകയും ചെയ്തിരുന്ന വ്യക്തി. ജീവിതകാലം മുഴുവൻ പോരാടിനിന്ന ഈ ധിഷണാശാലി എന്തിനു സ്വയം ജീവിതം അവസാനിപ്പിച്ചു എന്നതാണ് വലിയ ചോദ്യം. തൻ്റെ ജന്മദിനത്തലേന്ന് ഒരു കുറിപ്പ് എഴുതി വച്ച് അദ്ദേഹം ഈ ലോകത്തിലെ തൻ്റെ പോരാട്ടം അവസാനിപ്പിച്ചു. താഴ്ന്ന ജാതിയിൽ ജനിച്ച അദ്ദേഹം ജീവിതം മുഴുവൻ ആ ജാതി എന്ന യാഥാർഥ്യത്തോട് മല്ലിട്ടു. തൻ്റെ എതിര് എന്ന വളരെ വിഖ്യാതമായ ആത്മകഥയിൽ അദ്ദേഹം ഇത് കുറിച്ചിട്ടുണ്ട്.

“ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛന്‍ അയ്യപ്പന്‍, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളര്‍ത്തി. മലബാറില്‍ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണവിളക്കുണ്ട്. ഞാന്‍ പുസ്തകം വായിക്കാന്‍ തുടങ്ങുമ്പോള്‍ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും.”

പേരിട്ടത് ജന്മി, സ്വർണ മെഡൽ വിറ്റ് അരി മേടിച്ച റാങ്കുകാരൻ

ചെറിയവൻ എന്ന് അർഥമുള്ള കുഞ്ഞാമൻ എന്നു പേരിട്ടത് ജന്മിയാണ്. കൊടും പട്ടിണിയായിരുന്നു ചെറുപ്പത്തിലെ ജീവിതം . എംഎയ്ക്കു റാങ്ക് ലഭിച്ചപ്പോൾ കിട്ടിയ സ്വർണമെഡൽ വിറ്റ് വീട്ടിലേക്ക് അരിവാങ്ങി. ദാരിദ്ര്യമുള്ളവൻ്റെ സ്വർണമെഡൽ തിളങ്ങുന്നതായി അദ്ദേഹത്തിന് തോന്നിക്കാണില്ല. പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു പഠനം. പട്ടിണിയെ കുറിച്ച് അദ്ദേഹം ആത്മകഥയിൽ പറയുന്നത് ഇങ്ങനെയാണ്.

“പുസ്തകവും സ്ലേറ്റും ഷര്‍ട്ടുമില്ലാത്ത ഞാന്‍ സ്കൂളില്‍ പോയിരുന്നത്  പഠിക്കാനല്ല, ഒരുമണിവരെയിരുന്നാല്‍ ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്കൂൾ ക്ലാസുകളിൽ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളിൽ സ്കൂളിൽ കഞ്ഞി വിതരണം ചെയ്യും. ഞങ്ങൾ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ഏട്ടൻ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസിൽ പോയിരിക്കും.

എൽ.പി. വിദ്യാര്‍ത്ഥികൾക്ക് അന്ന് സർക്കാർവക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്കൂൾ വിദ്യാര്‍ത്ഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും.

വാടാനംകുറിശ്ശിയിലെ സ്കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നത് അധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിലിരിക്കാൻ കഴിയുമായിരുന്നില്ല. എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു:

“എടാ, എന്‍റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്.”

അതൊരു വലിയ യാഥാര്‍ത്ഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്നം. ഈയൊരു മാനസികാവസ്ഥയിൽനിന്നു കരകയറണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വമുള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാൻ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്നം.”.. അദ്ദേഹം കുറിച്ചു

വിശപ്പ് എന്ന വലിയ യാഥാർഥ്യം

കുട്ടിക്കാലത്ത് വിശന്നിട്ട് കഞ്ഞിക്കു വേണ്ടി ഒരു നായയുമായി മൽസരിച്ച അനുഭവം അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്

“പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടില്‍ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാന്‍ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി.

തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികള്‍ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവില്‍നിന്നു ചോര വന്നപ്പോള്‍ ദേഷ്യമല്ല തോന്നിയത്, എന്‍റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപംമാത്രം.

ഞങ്ങളുടെ സമുദായത്തിന്‍റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ വീട്ടില്‍ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോള്‍ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യ കഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചില്‍ വലിയ ആര്‍ത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ സദ്യയുണ്ടാകും. അവർ കാൺകെ എച്ചിലിനായി മത്സരിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും അപകർഷതാബോധമുണ്ടാക്കിയിരുന്നു. എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്‍റെ കാളൽ. ആത്മാഭിമാനമല്ല, എന്തിനെയും ആ വേവൽ വെണ്ണീറാക്കുമായിരുന്നു.'”

സാർ എന്നെ പാണൻ എന്ന് വിളിക്കരുത്

കീഴ്‌ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് വിളിക്കുന്ന അധ്യാപകന്മാരുണ്ടായിരുന്ന കാലമായിരുന്നു അത്. അങ്ങനെ “പാണൻ പറയടാ” എന്ന് അലറിയിരുന്ന നാട്ടിലെ ഉന്നതജാതിക്കാരനായ കണക്ക് മാഷോട് “സാർ എന്നെ പാണനെന്ന് വിളിക്കരുത് , കുഞ്ഞാമൻ എന്നു വിളിക്കണം” എന്നു പറഞ്ഞപ്പോൾ . നിന്നെ ജാതിപ്പേര് വിളിച്ചാൽ എന്താടാ എന്നു ചോദിച്ച് മർദിച്ച കാര്യം ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

അന്ന് ആ അധ്യാപകന്‍ മര്‍ദ്ദിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് കുഞ്ഞാമന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പഠനവും വായനയും അവിടെനിന്നാണ് തുടങ്ങിയത്. പക്ഷെ ആ യാത്ര സുഖകരമായിരുന്നില്ല. കെ ആര്‍ നാരയണന് ശേഷം എംഎയ്ക്ക് റാങ്ക് നേടിയ ദലിത് വിദ്യാര്‍ത്ഥിയായിരുന്നു എം കുഞ്ഞാമന്‍. പക്ഷെ ദാരിദ്ര്യത്തിനും ഒറ്റപെടലിനുമിടയില്‍ റാങ്ക് കുഞ്ഞാമനെ ഒട്ടും സന്തോഷിപ്പിച്ചിരുന്നില്ല.

എനിക്കിഷ്ടം നിഷേധികളെ

അധികാരമോ പദവികളോ പണമോ അദ്ദേഹത്തെ മയപ്പെടുത്തിയില്ല, അതിന്റെ പുതുരുചിയിൽ അദ്ദേഹം അഭിരമിച്ചുമില്ല. വൈസ് ചാൻസലർ പദവിക്കു നേരെ മുഖം തിരിച്ചതും യുജിസി അംഗത്വം രാജിവച്ചതുമൊക്കെ ചെറിയ ഉദാഹരണം മാത്രം.

അധികാരത്തോടുള്ള അദ്ദേഹത്തന്റെ നിലപാട് അങ്ങേയറ്റം കാർക്കശ്യ നിറഞ്ഞതായിരുന്നു . എതിരിൽ അദ്ദേഹം കുറിക്കുന്നത് ഇങ്ങനെ . “ഭരണാധിപന്മാർ ആൾദൈവങ്ങളല്ല, വിമർശിക്കപ്പെടേണ്ടവരാണ്. വ്യവസ്ഥിതിയോട് ഓച്ചാനിച്ച് നിൽക്കാൻ എനിക്ക് കഴിയില്ല. വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെടുന്നത് നിഷേധികളേയും ധിക്കാരികളേയുമാണ്. എന്നെ ചവിട്ടിത്താഴ്ത്തിയവരിൽ വലതുപക്ഷക്കാരേക്കാൾ കൂടുതൽ ഇടതുപക്ഷക്കാരാണ്. സർവകലാശാലകൾ സൃഷ്ടിക്കേണ്ടത് പണ്ഡിതന്മാരേയും വിമർശകരേയും ചിന്തകരേയുമാണ്. മുദ്രാവാക്യത്തൊഴിലാളികളെയല്ല. ഇടതുപക്ഷത്തിന് സ്വതന്ത്രബുദ്ധിയുള്ള എല്ലാ വ്യക്തികളോടും ശത്രുതാ മനോഭാവമാണ്” അദ്ദേഹം കുറിച്ചു.

ജാതിയും സാമ്പത്തിക വ്യവസ്ഥയും നല്‍കുന്ന പ്രിവിലേജുകളെ ചൂണ്ടികാണിച്ച് കുഞ്ഞാമന്‍, വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജിനോട് ഒരിക്കല്‍ പറഞ്ഞു. ‘ താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പോലും പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നൊബേല്‍ സമ്മാന ജേതാവായേനെ. ആ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്’

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും, മാര്‍ക്‌സിസത്തെക്കുറിച്ചുമെല്ലാം, വ്യത്യസ്തവും, മറ്റ് പല ദളിത് പണ്ഡിതരില്‍നിന്നും വ്യത്യസതമായ സമീപനമായിരുന്നു കുഞ്ഞാമന്. ഇ എം എസിനെക്കുറിച്ച് ആദരവോടെ പറയുമ്പോഴും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് തീര്‍ത്തും ഭിന്നമായ അഭിപ്രായമായിരുന്നു കുഞ്ഞാമന്.

തന്റെ ജീവിത കഥയില്‍ പറയുന്നത് പോലെ വ്യവസ്ഥിതിയാല്‍ നിസ്സാഹയനാക്കപ്പെട്ട ഒരാളായി മാറിയിട്ടുണ്ടാകാം എം കുഞ്ഞാമന്‍. അപ്പോഴും പരാജയങ്ങള്‍ ലോകത്തിന് യഥാര്‍ത്ഥ പാഠങ്ങള്‍ നല്‍കുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ജീവിതത്തിൻ്റെ അവസാനം വരെ ബൌദ്ധികമായ സത്യസന്ധത പുലർത്തി, ഒരാളുടെ മുന്നിലും മുട്ടുമടക്കിയില്ല. ” നമ്മൾ നമ്മളായി വളരണം. അല്ലാതെ മറ്റുള്ളവരുടെ സ്വപ്നങ്ങൾ കൊണ്ട് ചിറകുമുളയ്ക്കുന്ന പുഴുക്കളാകരുത് എന്ന് അദ്ദേഹം വിദ്യാർഥികളോട് പറയുമായിരുന്നു. ആരേയും റോൾ മോഡൽ ആക്കരുത്. മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിച്ചാൽ അപകർഷധാബോധമായിരിക്കും ഫലം. സ്വൻ്തം ചിറകിൽ വേണം പറക്കാൻ. അദ്ദേഹത്തിന്റെ വാക്കുകളും ജീവിതവും എത്രയോ മനുഷ്യരെ പ്രചോദിപ്പിച്ചിട്ടുണ്ടാവാം. കുഞ്ഞാമൻ എന്ന വ്യക്തിയുടെ സാന്നിധ്യം ഇനി ഉണ്ടാവില്ലായിരിക്കാം. എന്നാൽ അദ്ദേഹം മുന്നോട്ടു വച്ച നിലപാടുകൾക്കു മരണമില്ല.

A Memoir About dr. Kunjaman

More Stories from this section

family-dental
witywide