8.15 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട് വിവരങ്ങള്‍ ചോര്‍ന്നുവെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡാര്‍ക് വെബ് സൈറ്റില്‍ 8.15 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട് വിവരങ്ങള്‍ വില്പനക്ക് വെച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ആമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യുരിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

എക്സില്‍ (പഴയ ട്വിറ്റര്‍) pwn0001 എന്ന പേരിലുള്ള പ്രൊഫൈലില്‍ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്നാണ് അമേരിക്കന്‍ സെക്യുരിറ്റി ഏജന്‍സി പറയുന്നത്. 8.15 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് 80,000 യു.എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. ആധാര്‍, പാസ്പോര്‍ട് വിവരങ്ങള്‍, ജന്‍ഡര്‍, രക്ഷിതാവിന്റെ പേര്, ജനനതിയതി, ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതിലുള്ളതെന്ന് സൂചനയുണ്ട്.

കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ശേഖരിച്ച വിവരങ്ങളാണ് ഇതെന്നാണ് വിവരം. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടര്‍ ഏമര്‍ജന്‍സി റസ്പോണ്‍സ് ടീം ഐ.സി.എം.ആറിന് ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

2022 നവംബര്‍ 30ന് ഐ.സി.എം.ആറിന്റെ വെബ് സൈറ്റില്‍ വലിയ ഹാക്കിംഗ് ശ്രമം നടന്നിരുന്നു. അന്ന് 24 മണിക്കൂറിനള്ളില്‍ ആറായിരത്തിലധികം ഹാക്കിംഗ് ശ്രമമാണ് ഉണ്ടായത്. ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു ഐ.പി അഡ്രസ് വഴിയാണ് ഈ ശ്രമം നടന്നത്. അടുത്ത കാലത്ത് ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ടെലഗ്രാം വഴി ചോരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ആ സംഭവത്തില്‍ അന്വേഷണം ഏത്തിയത് പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരിലേക്കാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമ പോര്‍ട്ടലില്‍ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വില്പനക്ക് വെച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ട് കൂടി വരുന്നത്.

ഏതായാലും ഇന്ത്യക്കാരുടെ ആധാര്‍-പാസ്പോര്‍ട് വിവരങ്ങള്‍ വിദേശ ഏജന്‍സികളുടെ കൈകളില്‍ കിട്ടിയിരിക്കുന്നു എന്നതും അത് പരസ്യമായി വില്പനക്ക് വെച്ചിരിക്കുന്നു എന്നതും ഞെട്ടിക്കുന്ന സംഭവവമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികള്‍ എന്താകുമെന്ന് കാത്തിരുന്ന് കാണാം.

Aadhar informations of Indias for sale

More Stories from this section

family-dental
witywide