കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് നിന്ന് രണ്ട് പേരെയും ശ്രീകാര്യത്ത് നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുമായി ശ്രീകണ്ഠേശ്വരത്ത് എത്തിയായിരുന്നു പോലീസ് നടപടി. ഇവരില്‍ നിന്ന് ഒന്‍പതരലക്ഷത്തോളം രൂപ കണ്ടെടുത്തതായും സൂചനയുണ്ട്.
നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം ഇന്നലെ അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പള്ളിക്കലില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.
അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്ത്രീ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ ഇന്നലെ രാത്രി വിളിച്ചിരുന്നു. കുട്ടി സുരക്ഷിതയാണ്. ”നിങ്ങള്‍ 10 ലക്ഷം രൂപ സംഘടിപ്പിക്കണം. നാളെ രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാം. പോലീസില്‍ അറിയിക്കാന്‍ നില്‍ക്കരുത്. കുട്ടിക്ക് ആപത്തുവരാതിരിക്കണമെങ്കില്‍ പോലീസില്‍ അറിയിക്കരുത്,” -സ്ത്രീ പറയുന്നു.
Abduction of girl from kollam 3 in police custody