കൊല്ലം: കാണാതായ ആറു വയസ്സുകാരിയെ കണ്ടെത്തിയെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് കേരളം മുഴുവനും കേട്ടത്. ജാതിമത ഭേദമന്യേ പ്രാര്‍ത്ഥനയോടെയാണ് എല്ലാവരും അബിഗേല്‍ എന്ന കൊച്ചുപെണ്‍കുട്ടിയുടെ തിരിച്ചുവരവിനായി കാത്തിരുന്നത്. കാണാതായി ഒരു ദിവസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസ വാര്‍ത്തയെത്തി.
കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. പോലീസ് പഴുതുകളടച്ചുള്ള അന്വേഷണം ശക്തമാക്കിയതിനു പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞത്. കാണാതായി ഇരുപത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തെത്തിയവരാണ് ഒറ്റയ്ക്ക് ഒരു കുട്ടി ഇരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്.
പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കമ്മീഷണര്‍ ഓഫീസിലേക്ക് മാറ്റി. ആശ്രാമം മൈതാനത്ത് ആളുകള്‍ ഡ്രൈവിങ് പഠിക്കുന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ കണ്ടയുടന്‍ തന്നെ പലരും കുട്ടിക്ക് വെള്ളവും ബിസ്‌കറ്റും നല്‍കിയിരുന്നു. അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എടുത്ത് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവശയാണെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. കാണാതെപോയ അബിഗേല്‍ സാറയാണ് കണ്ടെത്തിയ കുട്ടിയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇതിനിടെ പോലീസിനോട് അബിഗേല്‍ തനിക്ക് അമ്മയെ കാണണമെന്ന് പറഞ്ഞു. പോലീസ് കുട്ടിയുടെ അമ്മയെ വീഡിയോ കോളില്‍ ബന്ധപ്പെടുകയും കുട്ടിക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. അബിഗേലിനെ പിന്നീട് അച്ഛന് കൈമാറി. എആര്‍ ക്യാംപില്‍ വച്ചാണ് കുട്ടിയെ അച്ഛന് കൈമാറിയത്.