നടൻ ദേവൻ കേരളത്തിലെ ബിജെപി ഉപാധ്യക്ഷൻ

തിരുവനന്തപുരം: സിനിമാതാരം ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 2021 ൽ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിലുള്ള തന്റെ രാഷ്ട്രീയ പാർട്ടി ദേവൻ ബിജെപിയിൽ ലയിപ്പിച്ചിരുന്നു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ ​നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബിജെപിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ദേവൻ ആവശ്യപ്പെട്ടിരുന്നു.

കെ.സുരേന്ദ്രൻ നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയിൽ അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. “17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചത്” എന്നായിരുന്നു പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചതിനെ കുറിച്ച് ദേവൻ പറഞ്ഞത്.

2020 ലാണ് ‘നവകേരള പീപ്പിൾസ് പാർട്ടി’യെന്ന പേരിൽ ദേവൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ  പ്രേരിപ്പിച്ചതെന്നായിരുന്നു അന്ന് നടൻ പറഞ്ഞത്.

More Stories from this section

family-dental
witywide