നായകനായും പ്രതിനായകനായും മലയാള സിനിമയിൽ പകർന്നാട്ടം നടത്തിയ നടൻ മധുവിന് ഇന്ന് 90-ാം പിറന്നാൾ. മധുവിന് മലയാള ചലച്ചിത്ര ലോകത്തിന്റെ ആദരവ് അര്‍പ്പിച്ചുകൊണ്ട് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ‘മധുമൊഴി: ആഘോഷപൂര്‍വ്വം ഇതിഹാസ പര്‍വ്വം’ എന്ന പേരില്‍ ഇന്ന് നവതി ആഘോഷിക്കും. തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം. നടന്‍ മോഹന്‍ലാല്‍ അടക്കം സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തും. നവതിയാഘോഷിക്കുന്ന മധുവിന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആശംസ അറിയിക്കാനും സാംസ്‌കാരിക വകുപ്പ് നല്കുന്ന ഒരു ലക്ഷം രൂപയും ഉപഹാരവും കൈമാറാനും കഴിഞ്ഞദിവസം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടന്‍ മധുവിനെ കണ്ണമ്മൂലയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
തലസ്ഥാനത്തെ ഗൗരീശപടത്ത് 1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെ മൂത്തമകനായി മാധവൻ നായർ എന്ന മധു ജനിച്ചത്.
യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. എസ്ടി ഹിന്ദു കോളജിലും നാഗര്‍കോവില്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി. ഇതിനിടെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു.1958ൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ചിലെത്തുന്ന ഏക മലയാളിയായിരുന്നു.
രാമു കാര്യാട്ടുമായുള്ള അടുപ്പമാണ് ‘മൂടുപടം’ എന്ന ചിത്രത്തിലേക്ക് വഴി തുറന്നത്. എന്നാൽ ആദ്യം പുറത്തുവന്നത് 1963ല്‍ എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ്. നായക സങ്കല്‍പങ്ങള്‍ക്ക് ചേര്‍ന്ന ആകാരവും അഭിനയിക്കാനുള്ള കഴിവും മധുവിലേക്ക് അവസരങ്ങള്‍ എത്തിച്ചു.
1969ൽ ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി. രജനികാന്തിന്റെ അച്ഛനായി ഒരു പൊന്നു ഒരു പയ്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
പ്രമുഖ സാഹിത്യ സൃഷ്ടികളെ ആധാരമാക്കി ഒരുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അവിസ്മരണായമാക്കുന്നതിൽ പ്രത്യേകം വൈഭവം മധു പ്രകടമാക്കി. തകഴിയുടെയും സി. രാധാകൃഷ്ണന്റെയും, എംടിയുടെയും ബഷീറിന്റെയും കഥാനായകനായി. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 15 ചിത്രങ്ങൾ നിർമിച്ചു. പതിവ് അച്ഛൻ കഥാപാത്രങ്ങളിൽ നിന്ന് ഒന്ന് മാറി നിൽക്കുകയാണ് മഹാനടൻ. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വേഷങ്ങൾ ഇനി ഇല്ലെന്നാണ് നിലപാട്. വെല്ലുവിളികളുള്ള വേഷങ്ങൾ കൊണ്ടുവരൂ, ഈ പ്രായത്തിലും ചെയ്യുമെന്നും മധു പറഞ്ഞു വയ്ക്കുന്നു.
2004 ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 2013 ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സജീവ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സിനിമ തന്നെയാണ് ജീവവായു. സിനിമകൾ കാണുന്ന പതിവ് ഒഴിവാക്കിയിട്ടില്ല. പുതിയ സിനിമകൾ കാണാറുണ്ടെങ്കിലും പഴയ സിനിമകളോടാണ് താത്പര്യം. മലയാള സിനിമയുടെ തലപ്പൊക്കത്തിന്, പ്രിയപ്പെട്ട മധുവിന് പിറന്നാൾ ആശംസകൾ.