ലോസ് ആഞ്ജലീസ്: ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ മരണ കാരണം വിഷാദ ചികിത്സയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന കെറ്റമിനിന്റെ അമിതോപയോഗമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. കെറ്റമിന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാലുസിനേഷൻ ഇഫ്ക്ട് നൽകുന്ന ലഹരി മരുന്നാണ് കെറ്റമിൻ.
അനസ്തെറ്റിക് ആയി ഡോക്ടർമാർ നൽകുന്ന കെറ്റമിൻ വിഷാദരോഗത്തിനും വേദനസംഹാരിയായും ഉപയോഗിക്കാറുണ്ട്. ദീർഘകാലം മദ്യത്തിന് അടിമയായിരുന്ന പെറി, സമീപ വർഷങ്ങളിൽ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നു. വിഷാദവും ഉത്കണ്ഠയും അദ്ദേഹത്തെ അലട്ടിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
മാത്യു പെറിയെ ഒക്ടോബർ 29ന് ലോസാഞ്ചലസിലെ സ്വന്തം വസതിയിൽ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 54 വയസ്സായിരുന്നു പ്രായം. പെറിയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.