ന്യൂഡൽഹി: തെന്നിന്ത്യൻ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ്. പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലാണ് നടപടി. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്സ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ ആയിരുന്നു പ്രകാശ് രാജ്. ഇ.ഡിയുടെ ചെന്നെെ ഓഫീസിൽ അടുത്തയാഴ്ച ഹാജരാകാനാണ് പ്രകാശ് രാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിക്ഷേപകരിൽ നിന്ന് ‘പോൺസി’ പദ്ധതി വഴി 100കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ശാഖകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം.
പ്രണവ് ജ്വല്ലേഴ്സിന്റെ കടകൾ ഒക്ടോബറിൽ അടച്ചുപൂട്ടുകയും ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ മൊഴി രേഖപ്പെടുത്താൻ ഇ.ഡി വിളിപ്പിച്ചത്.
ട്രിച്ചിയിലെ ഇക്കണോമിക് ഒഫൻസ് വിങ്ങാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇ.ഡി കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്വർണ നിക്ഷേപ പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്ന് 100 കോടി രൂപയാണ് ജ്വല്ലറി പിരിച്ചെടുത്തത്. മികച്ച റിട്ടേൺ വാഗ്ദാനം ചെയ്തായിരുന്നു പണം സ്വരൂപിച്ചത്. എന്നാൽ, ഇതിൽ പരാജയപ്പെട്ടതോടെയാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്.