കൊച്ചി: പൊലീസ് തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് നേരിട്ട് ചോദിക്കണമെന്നും വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്തിരുന്നു.
താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണമെന്നും വിനായകന്‍ പറഞ്ഞു. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാമല്ലോ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
‘‘സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റിനു പോയതാ. പുള്ളിയോടു ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോടു ചോദിച്ചാൽ മതി. ഞാൻ ആകെ ടയേർഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവർക്ക് പറയാം,’’ വിനായകൻ പറഞ്ഞു.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ ഫ്ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ലാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പൊലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പൊലീസ് പറയുന്നു. അതോടൊപ്പം സ്റ്റേഷില്‍ വച്ച് പുകവലിച്ചു. അതിന് പൊലീസ് നടനെകൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.