തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരം തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു എന്ന് റിപ്പോർട്ട്. മലയാളത്തില്‍ നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. എന്നാല് ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച വാര്‍ത്തകളിലൊന്നും പറയുന്നില്ല.
റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല. അതേസമയം മുന്‍പ് വരുണ്‍ മണിയന്‍ എന്ന നിര്‍മ്മാതാവുമായുള്ള തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇത് വിവാഹത്തിലേക്ക് എത്തിയില്ല.
വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. “എന്‍റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല”, എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.