വാര്‍ത്താ ഏജന്‍സി ഐഎഎഎസിന്‌റെ ഓഹരികള്‍ സ്വന്തമാക്കി അദാനി; നീക്കം എന്‍ഡിടിവി സ്വന്തമാക്കിയതിന് പിന്നാലെ

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എഎംജി മീഡിയ നെറ്റ്വര്‍ക്ക്‌സ് ലിമിറ്റഡ്(എഎംഎന്‍എല്‍) വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‌റെ 50.50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.

അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ ഭൂരിഭാഗം ഓഹരികളും ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വോട്ടിങ് അവകാശങ്ങളുള്ള ക്യാറ്റഗറി 1 ഷെയറുകളും വോട്ടിങ് അവകാശമില്ലാത്ത ക്യാറ്റഗറി 11 ഷെയറുകളും ഉള്‍ക്കൊള്ളുന്നതാണ്. അതേസമയം എത്ര തുകയ്ക്കാണ് അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങിയത് എന്ന് വ്യക്തമല്ല.

എഎംഎന്‍എല്‍ വഴിയാണ് അദാനി ഗ്രൂപ്പ് ഐഎഎന്‍എസിന്‍റെ ഓഹരികള്‍ വാങ്ങിയത്. ഐഎഎന്‍എസ് ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇനിമുതല്‍ ഐഎഎന്‍എസ് മാനേജ്‌മെന്‍റ് നിയന്ത്രണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചുമതല എഎംഎന്‍എല്ലിന് ആയിരിക്കും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അദാനി ഗ്രൂപ്പ് ഈ രംഗത്തേക്ക് ആദ്യമായി പ്രവേശിച്ചത്. ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ബിക്യൂ പ്രൈമിനെ കൈകാര്യം ചെയ്‌തിരുന്ന ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയയെ ആയിരുന്നു അദാനി ഗ്രൂപ്പ് ആദ്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ എന്‍ഡിടിവിയുടെ 65 ശതമാനം ഓഹരിയും അദാനി സ്വന്തമാക്കി.

1994 ഡിസംബര്‍ 26ന് സ്ഥാപിതമായതാണ് ഐഎഎന്‍എസ്. ഡല്‍ഹിയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഎഎന്‍എസ്, 20,00,000 രൂപയുടെ ഓതറൈസ്ഡ് ഷെയര്‍ ക്യാപിറ്റലും, 10,00,000 രൂപയുടെ പെയ്ഡ് അപ് ഷെയര്‍ ക്യാപിറ്റലുമുള്ള കമ്പനിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ വിറ്റുവരവില്‍ സ്ഥിരമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21 ല്‍ 10,33,13,613 രൂപയും, 2021-22 ല്‍ 9,38,66,571 രൂപയും, 2022-23 ല്‍ 11,86,12,310 രൂപയുമാണ് വിറ്റുവരവ്.

More Stories from this section

family-dental
witywide