
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് തവണ രണ്ട് ലോക്‌സഭാ എംപിമാർ വഴി തന്നെ സമീപിച്ചതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര.
ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ചോദ്യത്തിന് കോഴ വിവാദം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മഹുവ മൊയ്‌ത്രയുടെ ഈ തുറന്നു പറച്ചിൽ.
“കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് ലോക്‌സഭാ എംപിമാർ വഴി അദാനി എന്നെ സമീപിച്ചത് അദ്ദേഹത്തോടൊപ്പമിരുന്ന് ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കാനാണ്. ഡീൽ ഞാൻ നിരസിച്ചു. ചോദ്യം ചെയ്യാതിരിക്കാൻ അവൻ പണം കൊടുക്കുകയായിരുന്നു എന്നതാണ് പ്രശ്നം.”
കോഴ ആരോപണ വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന് വിളിയെത്തിയെന്നും തിരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഉറപ്പ് നൽകിയെന്നും മഹുവ ആരോപിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തനിക്ക് വീണ്ടും സന്ദേശം ലഭിച്ചു, ‘ദയവായി എല്ലാം അവസാനിപ്പിക്കണം, ആറു മാസത്തേക്ക് മിണ്ടാതെയിരിക്കണം. അദാനിയെ വേണമെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം എന്നാൽ പ്രധനമന്ത്രിക്കെതിരെ ശബ്‌ദിക്കരുത്’- മഹുവ ആരോപിച്ചു. അതേസമയം, മഹുവക്കെതിരെ പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി നിലപാട് കടുപ്പിച്ചു. രണ്ടിന് തന്നെ മഹുവ ഹാജരാകണമെന്നും തീയതി ഇനി നീട്ടില്ലെന്നും പരാതി വളരെ ഗൗരവമുള്ളതെന്നും സമിതി വ്യക്തമാക്കി.
വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയ ആരോപണം മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. പാർലമെന്റ് ഇ മെയിൽ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമാല്ലായിരുന്നെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹുവ മൊയ്ത്ര വിശദീകരിച്ചു.