ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ‘മതനിരപേക്ഷത’ നീക്കംചെയ്തു; സർക്കാരിനെതിരേ കോണ്‍ഗ്രസ്‌

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. ഇത് കേന്ദ്രസർക്കാരിന്റെ തന്ത്രപരമായ നീക്കമാണെന്നും അവരുടെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും ചൗധരി പറഞ്ഞു.

വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും, ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഇല്ലെങ്കിൽ അത് ആശങ്കാജനകമാണെന്നും അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.

“നമുക്ക് നൽകിയ ഭരണഘടനയുടെ പകർപ്പിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഇല്ലായിരുന്നു. അതൊരു പഴയ പതിപ്പാണെന്ന് അവർക്ക് (സർക്കാരിന്) പറയാൻ കഴിയും. എന്നാൽ അവർ ഭേദഗതി ചെയ്ത പതിപ്പും ഉൾപ്പെടുത്തണമായിരുന്നു. ഒറിജിനൽ വേർഷൻ തന്നു എന്ന് അവർ പറഞ്ഞേക്കാം. ഇത് ബോധപൂർവമായ ഒരു നീക്കമാണെന്ന് ഞാൻ കരുതുന്നു,” ചൗധരി പറഞ്ഞതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

1976-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ 42-ാം ഭേദഗതിയുടെ ഭാഗമായാണ് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ രണ്ട് പദങ്ങൾ ആമുഖത്തിൽ ഉൾപ്പെടുത്തിയത്.

അതേസമയം, അംഗങ്ങൾക്ക് യഥാർത്ഥ ഭരണഘടനയുടെ പകർപ്പായിരിക്കും നൽകിയതെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. “ഭരണഘടന അംഗീകരിക്കുമ്പോൾ അത് (ആമുഖം) ഇങ്ങനെയായിരുന്നു. അതിനുശേഷം, 42-ആം ഭേദഗതി വന്നു … അതിനാൽ ഇത് യഥാർത്ഥ പകർപ്പായിരിക്കണം.”

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസമായ സെപ്റ്റംബർ 18-ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിൽ അംഗങ്ങൾക്ക് ഭരണഘടനയുടെ പകർപ്പും ഇന്ത്യൻ ഭരണഘടനയുടെ കാലിഗ്രാഫ് ചെയ്ത യഥാർഥ പകർപ്പും നൽകുമെന്ന് വ്യക്തമായി പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide