ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൂര്യ പര്യവേക്ഷണ പേടകം ആദിത്യ എൽ1 വിജയകരമായി ഭൂമിയുടെ സ്വാധീനത്തിൽ നിന്നു പൂർണമായി പുറത്തുകടന്നു.
ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെയാണ് ആദിത്യ ഇപ്പോഴുള്ളതെന്ന് ബംഗളൂരുവിലെ ഇസ്രൊ കേന്ദ്രം അറിയിച്ചു. സൂര്യ- ഭൗമ ലഗ്രാഞ്ച് പോയിന്‍റ് 1 (എൽ1) ലേക്കുള്ള യാത്രയിലാപ്പോൾ ആദിത്യ.
15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1 പോയിന്‍റിനു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലെത്തുന്ന പേടകം സൂര്യനെക്കുറിച്ച് സുപ്രധാനമായ അറിവുകളിലേക്ക് ലോകത്തെ നയിക്കുമെന്നാണു പ്രതീക്ഷ. ജനുവരി ആദ്യ ആഴ്ചയോടെ പേടകം ലക്ഷ്യസ്ഥാനത്ത് എത്തും. ഐഎസ്ആർഒയുടെ ചരിത്രത്തിൽ ഇതു രണ്ടാം തവണയാണ് ഒരു പേടകം ഭൂമിയുടെ പരിധിയിൽ നിന്നു പുറത്തേക്ക് അയയ്ക്കുന്നത്. ചൊവ്വ പര്യവേക്ഷണ ദൗത്യമായിരുന്നു ആദ്യത്തേത്. കഴിഞ്ഞ മാസം രണ്ടിനാണ് പിഎസ്എൽവി സി57ൽ ആദിത്യ വിക്ഷേപിച്ചത്.