23 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ഡ്യുറന്‍സ് കപ്പ് മോഹന്‍ ബഗാന്

കൊല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴമയേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പില്‍ മുത്തമിട്ട് ക്ലബ് മോഹന്‍ ബഗാന്‍. സ്വന്തം നാട്ടില്‍ നിന്നുള്ള ഈസ്റ്റ് ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. 71-ാം മിനിറ്റില്‍ ദിമിത്രി പെട്രാറ്റോസാണ് വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ അവസാന അരമണിക്കൂറില്‍ 10 പേരുമായി കളിച്ചാണ് ബഗാന്‍ കിരീടം ചൂടിയത്. 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെയായിരുന്നു ബഗാന്‍ പത്തുപേരായി ചുരുങ്ങിയത്. 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബഗാന്‍ ഡ്യൂറന്‍സ് കപ്പ് നേടുന്നത്. ഇതിനു മുമ്പ് 2000-ലാണ് അവര്‍ ജേതാക്കളായത്. അവരുടെ 17-ാം കിരീടജയമാണിത്. ഡ്യൂറന്‍ഡ് കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായതും ബഗാനാണ്.

മത്സരത്തില്‍ മുഴുവന്‍ സമയവും ആധിപത്യം ബഗാനായിരുന്നു. എന്നാല്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഥാപ്പയെ നഷ്ടമായതോടെ ബഗാന്‍ പ്രതിസന്ധിയിലായി. എന്നാല്‍ 10 മിനിറ്റിനകം പെട്രാറ്റോസ് അവരുടെ രക്ഷയ്‌ക്കെത്തി. ഈസ്റ്റ് ബംഗാളിന്റെ പകുതിയില്‍ നിന്നു പെട്രാറ്റോസ് തുടങ്ങിവച്ച പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ചെത്തിയ താരം ബോക്‌സിനുള്ളിലേക്ക് വെട്ടിത്തിരിഞ്ഞുകയറി നിറയൊഴിക്കുകയായിരുന്നു. അതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. ശേഷിച്ച മിനിറ്റുകളില്‍ പ്രതിരോധം ശക്തമാക്കിയ ബഗാന്‍ വിജയവും പിടിച്ചെടുത്തു.

More Stories from this section

family-dental
witywide