സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ

ന്യൂഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സിബിഎഫ്സിയിലെ ചില ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്‍ലിന്‍ മേനഗ, ജീജ രാംദാസ്, രാജന്‍ എം എ തുടങ്ങിവര്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് സിബിഐയുടെ നടപടി. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് തമിഴ് നടന്‍ വിശാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു. തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും താരം അവകാശപ്പെട്ടിരുന്നു.

ഹിന്ദിയില്‍ ഡബ്ബ് ചെയ്ത മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് മുംബൈയിലെ സിബിഎഫ്സിയില്‍ നിന്ന് ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ കൈക്കൂലി നല്‍കുന്നതിനെക്കുറിച്ച് സ്വകാര്യ വ്യക്തി നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം തുക 6.54 ലക്ഷമായി കുറക്കുകയായിരുന്നു.

2023 സെപ്തംബറിലാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. മുംബൈയിലെ സിബിഎഫ്സി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് പ്രതികള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് തുക വാങ്ങിയതായി വ്യക്തമായിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി ലഭിച്ച ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പ്രതികള്‍ പണം പിന്‍വലിച്ചതായും സി.ബി.ഐ വെളിപ്പെടുത്തി.

More Stories from this section

family-dental
witywide