ആലപ്പുഴ: കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന് ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉണ്ടായിട്ടും ബാങ്കുകള്‍ വായ്പ നിഷേധിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പ്രസാദിന്റെ സിബില്‍ സ്‌കോര്‍ 812 ആണ്. ഇത് ഉയര്‍ന്ന സ്‌കോറാണ്. ഇത്ര ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉണ്ടായിട്ടും വായ്പ നിഷേധിച്ചത് സര്‍ക്കാര്‍ പരിശോധിക്കും. കര്‍ഷകന്‍ കെജി പ്രസാദ് വായ്പയ്ക്കായി സമീപിച്ച മൂന്നു ബാങ്കുകളുമായും സംസാരിച്ചു. പിആര്‍എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ക്ക് മറ്റു വായ്പകള്‍ നിഷേധിക്കുന്നില്ലെന്നാണ് ബാങ്കുകള്‍ യോഗത്തില്‍ നിലപാടെടുത്തതെന്നും മന്ത്രി പറഞ്ഞു.
മൂന്നു ബാങ്കുകള്‍ വായ്പ നിഷേധിച്ചതായാണ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇതേപ്പറ്റി സമഗ്രമായും ഗൗരവകരവുമായി സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു ബാങ്കുകളോടും ചോദിച്ചിരുന്നു. തങ്ങളെ സമീപിച്ചില്ലെന്ന വാദഗതികളാണ് ബാങ്ക് പറഞ്ഞത്. ഈ വാദഗതികളെ സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. അങ്ങനെ സമീപിക്കാതെ ഒരാള്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതുമെന്ന് കരുതുന്നില്ല. കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ വിശ്വസിക്കുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു.
ആലപ്പുഴ കലക്ടറേറ്റില്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പിആര്‍എസ് വായ്പ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിഭാഗവുമായി ചര്‍ച്ച ചെയ്യാമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന് എസ്എല്‍ബിസി കണ്‍വീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കരുത്. സിബില്‍ സ്‌കോറിന്റെ പ്രശ്നം പറഞ്ഞ് ബാങ്കുകള്‍ കര്‍ഷകനെ ബുദ്ധിമുട്ടിക്കുന്ന സമീപനം തിരുത്തണം. കര്‍ഷകന് പ്രശ്നമുണ്ടാക്കാത്ത തരത്തില്‍ പിആര്‍എസ് വായ്പ പരിഗണിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
കാര്‍ഷിക വായ്പ കിട്ടാത്തതിനെത്തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ് (55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്. കൃഷി ആവശ്യത്തിനായുള്ള കാര്‍ഷിക വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശികയുള്ളതിനാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്ക് അറിയിച്ചതോടെയാണ് പ്രസാദ് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയത്.