കണ്ണില്ലാത്ത ക്രൂരത; മധ്യപ്രദേശിൽ അവശനായ പുലിയെ ഉപദ്രവിച്ച് നാട്ടുകാർ, പുറത്ത് കയറിയിരുന്നു

ഭോപ്പാൽ: മധ്യപ്രദേശില്‍ അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അവശനായ പുലിയുടെ പുറത്ത് കയറി ഇരിക്കുന്നതും തള്ളുന്നതും പുലിയുമൊത്ത് കളിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നാട്ടുകാര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. വനത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ട നാട്ടുകാര്‍ ആദ്യം ഭയന്നു. എന്നാല്‍ പുലി അവശനാണെന്ന് മനസിലാക്കിയ നാട്ടുകാര്‍, ഇതിനെ ശല്യപ്പെടുത്താന്‍ തുടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പുലിക്കും ചുറ്റും കൂടിയ നാട്ടുകാര്‍ ഇതിനൊടൊപ്പം കളിക്കാന്‍ തുടങ്ങി. ചിലര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. നാട്ടുകാരില്‍ ചിലര്‍ ഇതിന്റെ പുറത്ത് കയറിയിരുന്ന് യാത്ര നടത്താന്‍ വരെ മുതിര്‍ന്നു. അവശനായ പുലി, തിരിച്ച് ആക്രമിക്കാന്‍ മുതിരാതിരുന്നത് കൊണ്ടാണ് നാട്ടുകാര്‍ രക്ഷപ്പെട്ടത്. അതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇതിനെ കൊല്ലാന്‍ വരെ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഒടുവില്‍ മറ്റു ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് ജീവനക്കാരാണ് നാട്ടുകാരുടെ ഇടയില്‍ നിന്ന് പുലിയെ രക്ഷിച്ചത്. രണ്ടു വയസ് മാത്രം പ്രായമുള്ള പുലിയെയാണ് ശല്യപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന പുലിയെ ചികിത്സയ്ക്കായി വാന്‍ വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വെറ്ററിനറി ഡോക്ടര്‍ പുലിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.