ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിൽ താനും ജീവനക്കാരും രോഗികളും ഉൾപ്പെടെ കുറച്ച് പേർ മാത്രമാണ് അവശേഷിക്കുന്നതെന്ന് അൽ ഷിഫ ആശുപത്രിയുടെ ഡയറക്ടർ ആയ മുഹമ്മദ് അബു സാൽമിയ. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആശുപത്രി പൂർണമായും വിജനമാണ്. അവശേഷിക്കുന്ന ചില രോഗികളും ഇരകളും ഇടനാഴിയിൽ കിടക്കുന്നു. ആശുപത്രിയുടെ മധ്യഭാഗം ഇസ്രായേൽ സൈനികരാൽ ചുറ്റപ്പെട്ടിരിക്കുന്നു. അവർ പൂർണ്ണ നിയന്ത്രണത്തിലാണ്. അവശേഷിക്കുന്ന ചുരുക്കം ചില മെഡിക്കൽ സ്റ്റാഫുകൾക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. പെട്ടെന്ന് ഒഴിപ്പിച്ചില്ലെങ്കിൽ നവജാതശിശുക്കളും വൃക്കരോഗികളും ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ളവരിൽ പലരും ഉടനടി മരിക്കും. ആശുപത്രികളിലെ ഭക്ഷണവും തീർന്നിരിക്കുകയാണ്.
അതേസമയം, ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളെ അൽ-ഷിഫ ഹോസ്പിറ്റലിൽ നിന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലെയോ ഈജിപ്തിലെയോ ആശുപത്രികളിലേക്ക് മാറ്റാൻ അന്താരാഷ്ട്ര സ്ഥാപനങ്ങളോട് പലസ്തീൻ ആരോഗ്യ മന്ത്രി മൈ അൽ-കൈല ആവശ്യപ്പെട്ടു.
ഇസ്രായേൽ അധികാരികൾ അൽ-ഷിഫയിൽ നാശം വിതയ്ക്കുകയാണെന്നും ആശുപത്രി സമുച്ചയം സൈനിക ബാരക്കുകളാക്കി മാറ്റിയതായും അൽ-കൈല പറഞ്ഞു.