ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തിന്റെ ഉൾവശം പൂർണമായും തകർത്ത് ഇസ്രയേൽ സൈന്യം. ചികിത്സാ ഉപകരണങ്ങളടക്കം എല്ലാം നശിപ്പിച്ചതായി അൽജസീറ ലേഖകൻ ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു. രോഗികളടക്കമുള്ളവരെ പിടികൂടി ബന്ദികളാക്കി കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇസ്രായേൽ സൈന്യം അക്ഷരാർത്ഥത്തിൽ കെട്ടിടം കീറിമുറിച്ചതായി ഹാനി മഹ്മൂദ് പറഞ്ഞു. മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും തകർത്തു. ഉൾവശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും നശിപ്പിച്ചു.
അതിനിടെ, ഇരുനൂറോളം പേരെ കണ്ണുകൾ കെട്ടി ചോദ്യം ചെയ്യുകയും അജ്ഞാത മേഖലകളിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആദ്യം 30 ഓളം പേരെ തുണിയുരിഞ്ഞ് കണ്ണുകൾ കെട്ടി ഇസ്രായേൽ അധിനിവേശ സൈനികർ ആശുപത്രിയുടെ മുറ്റത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൂടുതൽ പേരെ പിടികൂടി സംഘങ്ങളാക്കി കൊണ്ടുപോയി.