ഉത്തരകാശി: ഉത്തരാഖണ്ഡ് സില്‍ക്യാര ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളേയയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ അഞ്ചുപേരെ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ബാക്കിയുള്ളവരേയും പുറത്തെത്തിച്ചു. ടണലിന് മുന്നില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും സ്ഥലത്ത് എത്തിയിരുന്നു.
സില്‍ക്യാരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിര. ഇവിടെക്കാണ് തൊഴിലാളികളെ ആദ്യംകൊണ്ടുപോയത്.
പതിനേഴ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചിരിക്കുന്നത്. യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രതിസന്ധിയിലായ രക്ഷാപ്രവര്‍ത്തനം, തൊഴിലാളികളെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. തുരങ്ക നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ് പൈപ്പുവഴി തുരങ്കത്തിനുള്ളിലേക്ക് കയറി അവശിഷ്ടങ്ങള്‍ നീക്കം ചെയതത്. തുരങ്കത്തിലേക്ക് കടക്കാന്‍ സൈന്യവും സജ്ജമായിരുന്നെങ്കിലും തൊഴിലാളികള്‍ ആദ്യം ഇറങ്ങി ശ്രമിക്കാം എന്ന തീരുമാനത്തിലേക്കാണ് ദൗത്യസംഘം എത്തിയത്.
ഓഗര്‍ മെഷീന്റെ ബ്ലേഡ് ഇരുമ്പ് പൈപ്പില്‍ കുടുങ്ങിയതോടെ, ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. ശേഷം, തുരങ്കത്തിലേക്ക് തൊഴിലാളികളെ ഇറക്കി അവശിഷ്ടങ്ങളും ഓഗര്‍ മെഷീന്റെ ഭാഗങ്ങളും നീക്കി നേരിട്ടുള്ള ഡ്രില്ലിങ് നടത്തിയാണ് കുടുങ്ങിയ തൊഴിലാളികള്‍ക്ക് അരികില്‍ എത്തിയത്. ഈ മാസം 12നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.
All 41 trapped workers evacuated from collapsed Silkyara tunnel