മലയാളികളുടെ രാജ്യാന്തര ഉല്‍സവമായ ഓണം ഇതാ എത്തി. ലോകത്തെവിടെയാണെങ്കിലും ഈ ദിനത്തെ ഓര്‍ക്കാത്ത മലയാളി ഉണ്ടാവില്ല. അങ്ങനെ വളരെ സെക്കുലറായിരുന്ന നമ്മുടെ സ്വന്തം ഓണം ലോക മാനവികതയുടെ തന്നെ ഉത്തമ ഉദാഹരണമായി മാറി. ഓണം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ വീണ്ടെടുപ്പുകൂടിയാണ്. ഒരു പനിനീര്‍ സുഗന്ധംപോലെ നിറയുന്ന ഓര്‍മകള്‍. അതില്‍ രുചിമുകുളങ്ങളെ ആവോളം കൊതിപ്പിക്കുന്ന രുചിയുടെ മേളമുണ്ടാകും. കൊയ്തൊഴിഞ്ഞ പാടങ്ങളുടെ, പുന്നെല്ലിന്റെ നറുഗന്ധം നിറയുന്ന വീടകങ്ങളുടെ ,തുമ്പയും മുക്കുറ്റിയും പൂത്തുനില്‍ക്കുന്ന തൊടികളുടെ .. എല്ലാം ഓര്‍മകള്‍ ഹൃദയത്തില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ടാവാം.
ഓണത്തിന്റെ ഐതീഹ്യവും സങ്കല്‍പവുമൊക്കെ മലയാളിയുടെ മനസ്സില്‍ ഉണ്ടോ എന്നറിയില്ല, പക്ഷേ ഓണം മലയാളിയുടെ ഏറ്റവും വലിയ ആഘോഷം തന്നെയാണ്. പണ്ടിത് കൃഷിയുടെ, കൊയ്ത്തിന്റെ ആഘോഷമായിരുന്നു. ഇന്ന് കേരളത്തില്‍ കൃഷി എന്നത് നമ്മുടെ ജീവിതത്തിന്റെ പ്രധാമഭാഗമേ അല്ലാതായി. ഓണസദ്യയ്ക്കാണെങ്കിലും കൂടി നമ്മുടെ തൂശനിലകളെ പൂര്‍ണമാക്കുന്നത് വേറെ നാട്ടുകാരുടെ അധ്വാനമാണ്. അരി, പച്ചക്കറി, പാല്‍ എല്ലാം മറ്റ് സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സമൂഹമായി മലയാളി. എല്ലാ മാറ്റങ്ങളും ഏറ്റവും വേഗത്തില്‍ ഉള്‍ക്കൊള്ളുന്നവരാണ് മലയാളികള്‍ അതുകൊണ്ടു കൂടിയാവാം ഓണത്തിലെ ഈ മാറ്റവും.
ഇത്തവണത്തെ ഓണം പക്ഷേ മലയാളിയെ ചുട്ടുപൊള്ളിക്കുന്നുണ്ട്. കൊടും ചൂടേറ്റ് മണ്ണും മനുഷ്യനും വാടിപ്പോകുന്ന കാലാവസ്ഥ. തിരുവോണ സദ്യയൊരുക്കാന്‍ പുറപ്പെട്ട തിരുവോണ തോണി ഇറങ്ങിപോകുന്ന പമ്പയാറിനെ കണ്ടോ.. എന്ത് ദയനീയമാണ്. ഇപ്പോള്‍ തന്നെ വെള്ളം വറ്റിത്തുടങ്ങിയ പമ്പാ നദി. പമ്പ മാത്രമല്ല, കേരളത്തിലെ മിക്ക പുഴകളും ജലാശയങ്ങളും ഇപ്പോഴേ വറ്റിത്തുടങ്ങി. സൂര്യാതപത്തെ ഭയക്കണമെന്ന് കാലാവസ്ഥ വകുപ്പ് എന്നും മുന്നറിയിപ്പ് തരുന്നു. നിലാവ് പോലെ സുന്ദരമായിരുന്ന ഓണവെയില്‍ മരുഭൂമിയിലേതു പോലെചുട്ടുപൊള്ളുന്ന കാലത്തും. ഓണം ഓണം തന്നെ. അത് മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. ഇത്ര സെക്കുലറായ ഓരാഘോഷം ഇന്ത്യയില്‍ മറ്റ് എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. മലയാളിയെ മനുഷ്യനാക്കി നിലനിര്‍ത്തുന്നതില്‍ ഓണത്തിന്റെ പങ്ക് ചെറുതല്ല.