ഗ്യാൻവാപി മസ്ജിദ് കേസ്: ശാസ്ത്രീയ സർവെയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. ശിവലിംഗം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ഒഴികെ പരിശോധന നടത്താനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. സര്‍വേയ്‌ക്കെതിരെ അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ഗ്യാൻവാപി കാമ്പസിലെ പ്ലോട്ട് നമ്പർ 9130 സീൽ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. സർവേയിൽ കാണുന്ന ചിഹ്നങ്ങൾ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് പൊതുതാൽപര്യ ഹർജിയിൽ പറയുന്നുണ്ട്.

എ എസ് ഐ സർവേയ്ക്ക് വാരണാസി കോടതി ഉത്തരവിട്ടത് ന്യായമാണെന്നും, ശാസ്ത്രീയ സർവേ ആവശ്യമാണെന്നും ഈ ഹർജി തളളിക്കൊണ്ട് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാക്കർ പറഞ്ഞു. മസ്ജിദ് പരിസരം (വസുഖാന ഒഴികെ) സർവേ ചെയ്യാൻ എഎസ്‌ഐയെ ചുമതലപ്പെടുത്തിയ വാരണാസി കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അഞ്ജുമൻ മസ്ജിദ് കമ്മിറ്റി ജൂലൈ 25ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ പരിശോധന അനുവദിച്ചാൽ മസ്ജിദ് തകരുമെന്ന ആശങ്ക മസ്ജിദ് കമ്മിറ്റി പ്രകടിപ്പിച്ചിരുന്നു. മുഗൾ ചക്രവർത്തി ഔറംഗസേബാണ് ക്ഷേത്രം തകർത്തെന്നും, ക്ഷേത്രാവശിഷ്ടങ്ങൾക്ക് മുകളിൽ വിശ്വാസികൾ മസ്ജിദ് പണിയുകയായിരുന്നുവെന്നും, സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് നാല് വനിതകൾ കേസ് നൽകിയിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രം കൈയേറിയാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന ഹർജികളിൽ ജൂലായ് 21നാണ് ശാസ്ത്രീയ സർവേയ്ക്ക് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടത്. ശിവലിംഗം കണ്ടെന്ന് പറയുന്ന ഭാഗമൊഴികെ എല്ലായിടത്തും സർവേ നടത്താനായിരുന്നു നിർദ്ദേശം.

അതിനിടെ ഗ്യാന്‍വാപി മസ്ജിദ് മുദ്രവച്ച് പൂട്ടണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം അലഹബാദ് ഹൈക്കോടതിയിലും, വാരണാസി ജില്ലാ കോടതിയിലും പുതിയ ഹര്‍ജി ഫയല്‍ ചെയ്തു. നേരത്തെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഹിന്ദു ആരാധനാമൂര്‍ത്തി അന്യമതസ്ഥര്‍ നശിപ്പിക്കുന്നത് തടയാനാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നാണ് പുതിയ ഹര്‍ജിയിൽ പറയുന്നത്.

More Stories from this section

family-dental
witywide