കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിയോടെ എറണാകുളം പോക്സോ കോടതിയാണ് വിധി പറയുന്നത്. കുറ്റപത്രം സമർപ്പിച്ച് 26 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും പോലീസ് വേഗത്തിൽ പൂർത്തീകരിച്ചിരുന്നു.
ജൂലൈ 28 നാണ് അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കൊണ്ടു പോയി ആലുവ മാർക്കറ്റിനടുത്തെത്തിച്ച് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമർത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.
തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം 15 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. സാധാരണ പോക്സോ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കിയിരുന്നു. അതേ വേഗതയിൽ വിചാരണയും പൂർത്തീകരിച്ചു.
സംഭവം നടന്ന് 99-ാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 62 തൊണ്ടി സാധനങ്ങളും സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വിചാരണ നടപടികൾ ഒമ്പത് ദിവസം നീണ്ടു നിന്നു. കുട്ടിയുടെ വസ്ത്രങ്ങൾ, ചെരുപ്പ്, ഡി എൻ എ സാമ്പിളുകൾ, സി സി ടി വി ദൃശ്യങ്ങൾ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില് ഹാജരാക്കി.
ആലുവ റൂറൽ എസ് പി മുൻകൈയെടുത്ത് ഓഫിസിന് മുന്നിൽ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. ബോർഡിൽ 99 എന്ന അക്കം തെളിയുന്ന അന്നാണ് കേസിലെ വിധി എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ പ്രസ്താവിക്കുന്നത്. ജി മോഹന്രാജാണ് സ്പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടർ.
Alua child rape and murder case Pocso court to pronounce verdict today