ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ഇന്ന് നടക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകല്‍, കുട്ടിക്ക് മദ്യം നല്‍കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതി അസഫാക്ക് ആലംത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവം നടന്ന മൂന്ന് മാസത്തിനുള്ളില്‍ പ്രോസിക്യൂഷന്റെ അന്തിമവാദം നടക്കുന്നുവെന്ന അപൂര്‍വത കൂടി കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് ഹാജരായത്. സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും, 43 സാക്ഷികളെ വിസ്തരിക്കുകയും, 55 രേഖകളും, 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ആലുവയില്‍ നിന്ന് കാണാതായത്. ജൂലൈ 29 ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കുമ്പാരങ്ങള്‍ക്കരികില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ ദിവസം തന്നെ പ്രതി കസ്റ്റഡിയിലായിരുന്നു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു.
ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതിയാണ്. 2018ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
അതേസമയം ആലുവയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് താനല്ലെന്നും പത്താന്‍ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നുമാണ് അസഫാക്ക് ആലം ഇപ്പോള്‍ പറയുന്നത്. അയാളെ രക്ഷിക്കാന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. താന്‍ മാനസികനില തെറ്റി അലഞ്ഞു നടക്കുന്നയാളാണെന്നും പ്രതി പറയുന്നു. തനിക്കെതിരായ മുഴുവന്‍ തെളിവുകളും പ്രതി കോടതിയില്‍ നിഷേധിച്ചു. പരിഭാഷകയുടെ സഹായത്തോടെയാണ് കോടതി പ്രതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.