കൊച്ചി: ആലുവയില്‍ അസഫാക് ആലം പീഡിപ്പിച്ചു കൊന്ന അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീര്‍, ഭര്‍ത്താവ് മുനീര്‍ എന്നിവര്‍ക്കെതിരെയാണ് ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.
കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നല്‍കിയത് അന്‍വര്‍ സാദത്ത് എംഎല്‍എയാണ്. ഈ വാടക എല്ലാ മാസവും അടക്കുന്നതും എംഎല്‍എ തന്നെയാണ്. എന്നാല്‍ വീടിന്റെ അഡ്വാന്‍സ് നല്‍കാനെന്ന് പറഞ്ഞാണ് ആദ്യം 20,000 രൂപ വാങ്ങിയതെന്നും പിന്നീട് വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞാണ് ബാക്കി തുക വാങ്ങിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍ ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായാണ് ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ കുടുംബത്തെ സഹായിക്കാന്‍ നിന്നവരാണ് ആരോപണ വിധേയര്‍. പണം വാങ്ങിയ വിവരം ഒരു മാസം മുന്‍പ് കുട്ടിയുടെ വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തട്ടിപ്പ് വെളിയിലായത്. സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നല്‍കി. ബാക്കി തുക ഡിസംബര്‍ 20-നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു. പണം വായ്പയായി വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും നല്‍കുന്ന വിശദീകരണം.