കൊച്ചി: മകള്‍ക്ക് നീതി ലഭിച്ചുവെന്ന് ആലുവയില്‍ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. പ്രതി അസ്ഫാക് ആലത്തിന് പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതികരണം.
ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക.
അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.