കൊടുക്രൂരതയ്ക്ക് മാപ്പില്ല: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക.

അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാ‍‍ർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

നേരത്തെ അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു. കേസില്‍ ജി. മോഹന്‍രാജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. 

ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂലൈ 30ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 1ന് പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയുകയായിരുന്നു. സെപ്തംബര്‍ 1നാണ് അന്വേഷണസംഘം 645 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 4ന് കോടതിയില്‍ വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്. 

More Stories from this section

family-dental
witywide