‘എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം, ആ പ്രസംഗം ഇസ്രയേലിനുകൂലമായി വ്യാഖ്യാനിക്കേണ്ടതില്ല’; വിശദീകരണവുമായി തരൂര്‍

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ തന്റെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ സംസാരിച്ചത് ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് തരൂര്‍ പറഞ്ഞു. തന്റെ പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് ഒന്നും പ്രതികരിക്കാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്നും തരൂര്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. മുസ്ലിങ്ങളുടെ മാത്രം പ്രശ്നമായത് കൊണ്ടാണ് മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിച്ചതെന്ന് ആരും വിചാരിക്കരുതെന്നും ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോള്‍ സന്തോഷമുണ്ട്. പലസ്തീനികള്‍ക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിര്‍ത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ലീഗ് എന്നും സങ്കടപ്പെടുന്നവരുടെ കൂടെയാണ് നില്‍ക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide