ഫിലാഡല്‍ഫിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹോട്ടല്‍ മുറിയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ട് ഹോട്ടല്‍ മാരിയറ്റിലെ ക്ലീനിംഗ് സ്റ്റാഫാണ് ലാസ് വെഗാസ് സ്വദേശിയായ 66 കാരിയെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 10.40 ഓടെ അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റൂമിനുള്ളില്‍ ആരെങ്കിലും അതിക്രമിച്ച് കടക്കുകയോ, എന്തെങ്കിലും പിടിവലികള്‍ നടക്കുകയോ ചെയ്തതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് അറിയിച്ചു.
മുറിക്കുള്ളില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മരിച്ച സ്ത്രീ നിരവധി മരുന്നുകള്‍ കഴിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹോമിസൈഡ് ഡിറ്റക്റ്റീവ് ഡിവിഷന്‍ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം ഫിലാഡല്‍ഫിയ മെഡിക്കല്‍ എക്സാമിനറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകൂ. ’25 വര്‍ഷമായി എയര്‍ലൈനില്‍ ജോലി ചെയ്തിരുന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ പെട്ടന്നുള്ള മരണത്തില്‍ അപലപിക്കുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നുവെന്നും തങ്ങളുടെ ടീം അംഗങ്ങളുടെ ക്ഷേമത്തിനാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.