ലോകത്തിന്റെ കണ്ണീരായി ഗാസ: മരണം പതിനായിരത്തോട് അടുക്കുന്നു

ഗാസ : ലോകം മുഴുവൻ യുദ്ധത്തിനെതിരായി ആർത്തുവിളിക്കുമ്പോഴും അണുവിട വ്യതിചലിക്കാതെ ഇസ്രയേൽ. ഹമാസിനെ വേരറ്റുപോകും വരെ യുദ്ധമെന്നാണ് അവരുടെ നിലപാട്. ഹമാസ് ആയുധങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നു എന്ന് ആരോപിച്ച് അഭയാര്‍ത്ഥി ക്യാംപുകളും ആശുപത്രികളും നിരന്തരം ആക്രമിക്കുന്ന കാഴ്ചയാണ് ഗാസയിൽ. കഴിഞ്ഞ 24 മണിക്കൂറില്‍ നാല് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. 

ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു. വെസ്റ്റ്‌ ബാങ്കിൽ 152 പേരും കൊല്ലപ്പെട്ടു. യുദ്ധത്തിന്‌ താൽക്കാലിക ശമനം വേണമെന്ന്‌ അമേരിക്ക അഭ്യർഥിച്ചിട്ടും പിൻമാറില്ലെന്ന്‌ ഇസ്രയേൽ പറഞ്ഞതിനു പിന്നാലെയാണ്‌ ആക്രമണം. ഗാസയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ജീവൻ അപകടത്തിലാക്കുകയാണെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി യോവ്‌ ഗഗാലൻ പറഞ്ഞു.

ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളിനും പിന്നാലെ അൽ- മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. പിന്നാലെ അൽ–- ബറൈജ്‌ അഭയാർഥി ക്യാമ്പും ആക്രമിച്ചു. മുമ്പ് ജുബലിയ ക്യാംപിന് നേരെ നടന്ന ആകആമണത്തിൽ 200 പേർ കൊല്ലപ്പെട്ടിരുന്നു.

അൽ-ഷാതി അഭയാർഥി ക്യാമ്പിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി പലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട്‌ ചെയ്‌തു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു ചുറ്റും 15 തവണ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്‌. ജലസ്രോതസ്സുകൾക്കു നേരെയും ഇസ്രയേൽ ആക്രമണം നടത്തുകയാണ്‌. ഗാസ മുനമ്പിന് വടക്കുള്ള ടെൽ അൽ-സാതർ പ്രദേശത്തെ പ്രധാന കിണർ ലക്ഷ്യമാക്കി ആക്രമണം നടത്തി. 

ഇസ്രയേൽ വ്യോമാക്രമണത്തിനുശേഷം അറുപതിലധികം ബന്ദികളെ കാണാതായതായി ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ബന്ദികളായ ഇസ്രയേലുകാരുടെ 23 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും ബ്രിഗേഡ് വക്താവ് അബു ഒബൈദ പറഞ്ഞു. അതിനിടെ വടക്കൻ ഗാസയിൽനിന്ന്‌ തെക്കുഭാഗത്തേക്ക്‌ പോകാൻ സലാ അൽ ദിൻ റോഡ്‌ ഞായറാഴ്‌ച നാലു മണിക്കൂർ തുറന്നു നൽകി. ഏതാണ്ട്‌ നാലുലക്ഷത്തോളം പേർ ഇപ്പോഴും വടക്കൻ ഗാസയിലാണ്‌.

amid global anti war protests Israel continues attack; death toll reaches 10000 in Gaza

More Stories from this section

family-dental
witywide