അമേരിക്കയില്‍ ആകാശത്തുവെച്ച് യാത്രാ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ച് പൈലറ്റ്; പൈലറ്റിന് മാനസിക പ്രശ്നമെന്ന് പൊലീസ്

വാഷ്ങിടൺ: ഞായറാഴ്ച വൈകിട്ട് വാഷിങ്ടണിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് 83 യാത്രക്കാരുമായി പറന്ന വിമാനം 35000 അടി ഉയരത്തിൽ വച്ച് ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റ് ജോസഫ് എമേഴ്സൻ (44) പിടിയിലായി. ഇയാൾക്കെതികെ 83 പേരെ വധിക്കാൻ ശ്രമിച്ചതിന് 83 വധശ്രമ കുറ്റങ്ങൾ ചുമത്തി ജെയിലിൽ അടച്ചു. ഡ്യൂട്ടിയിലല്ലായിരുന്നു എങ്കിലും എമേഴ്സൻ കോക്ക്പിറ്റിൽ ഉണ്ടായിരുന്നു. അലാസ്ക എയർലൈൻസിലാണ് സംഭവം. വിമാനം പറന്നുകൊണ്ടിരിക്കെ വിമാനത്തിൻ്റെ ഫയർ സപ്രഷൻ സംവിധാനം അക്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ സംവിധാനം പ്രവർത്തനക്ഷമം ആയിരുന്നെങ്കിൽ വിമാന എൻജിനുകളിലേക്കുള്ള ഇന്ധനത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുകയും വിമാനം തകരുകയും ചെയ്യുമായിരുന്നു.

എമേഴ്സൻ്റെ പ്രവൃത്തിയിലെ അപകടം അറിയാമായിരുന്ന ക്യാപ്റ്റനും മറ്റ് പൈലറ്റുമാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി. ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും ഇയാൾ എന്തിന് വിമാനത്തിൽ കയറി എന്ന ചോദ്യം ഉയരുന്നുണ്ട്. അതേ വിമാനത്തിലെ ജീവനക്കാരനായതിനാൽ ഓഫ് ഡ്യൂട്ടിയിലും കോക്പിറ്റിൽ ഇരിക്കാൻ സമ്മതിക്കുകയായിരുന്നു.

ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി തോന്നുന്നെന്ന് യാത്രക്കാരിൽ ഒരാൾ എബിസി ന്യൂസിനോട് പറഞ്ഞു. അയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും അയാളെ അടിയന്തരമായി വിമാനത്തിൽ നിന്ന് ഇറക്കേണ്ടതുണ്ടെന്നും ഫ്ളൈറ്റ് അറ്റൻഡൻ്റ് ഉടൻ അനൌൺസ് ചെയ്തതായും യാത്രക്കാർ പറഞ്ഞു.

ഉടൻ തന്നെ വിമാനം പോർട്ട്ലൻ്റ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എമേഴ്സനെ പൊലീസിന് കൈമാറി. ഇയാളെ മൾട്നോമാ കൌണ്ടി ഡിറ്റൻഷൻ സെൻ്ററിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.

ഇയാൾക്ക് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായോ പ്രസ്ഥാനങ്ങളുമായോ ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായി എഫ്ബിഐ അറിയിച്ചു. ഇയാളുടെ ലാപ്ടോപും ഫോണും അടക്കം വ്യക്തി വിവരങ്ങൾ എല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്.

An Alaskan Airlines pilot tried to turn off flight Engine mid flight