ആദ്യ ദിവസം സെഞ്ച്വറിയടിച്ച് ആനിമല്‍, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ആനിമല്‍. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ടീസറും ട്രെയിലറും പുറത്തിറങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. രണ്‍ബീറിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് സൂപ്പര്‍താരം മഹേഷ്ബാബു അടക്കം നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. അച്ഛന്റെയും മകന്റെയും വികാരങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഇന്നലെ തിയേറ്ററുകളിലെത്തി.

മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി ഫെയിം സന്ദീപ് വംഗ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇപ്പോഴിതാ ആനിമല്‍ മൂവിയുടെ നിര്‍മ്മാണ കമ്പനിയായ ടി സീരീസ് ഈ ചിത്രം ആദ്യ ദിനം നേടിയ പ്രതിഫലം എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തി.

ആദ്യ ദിനം ലോകമെമ്പാടുമായി 116 കോടി കളക്ഷന്‍ നേടിയതായാണ് ഇതുമായി ബന്ധപ്പെട്ടിറങ്ങിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചിത്രം വിജയക്കുതിപ്പ് തുടര്‍ന്നാല്‍ വൈകാതെ 500 കോടി ക്ലബ്ബില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ ഈ ‘മൃഗം’ ഏതൊക്കെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് കാത്തിരുന്ന് കാണാം.

More Stories from this section

family-dental
witywide