യുദ്ധം: പ്രതിഷേധിച്ച് ന്യൂയോർക്ക് ടൈംസ് മാഗസിനിൽനിന്ന് രാജിവച്ച് കവയിത്രി ആൻ ബോയർ

അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഭരണകൂടം ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധിച്ച് ന്യൂ യോർക്ക് ടൈംസ് മാഗസിന്റെ പോയട്രി എഡിറ്റർ സ്ഥാനം രാജിവച്ച് ആന്‍ ബോയർ. അമേരിക്കയിലെ സമകാലിക കവികളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് ആൻ ബോയർ.

‘യുദ്ധവെറിയന്മാരുടെ നുണകള്‍ ഇനി വേണ്ട’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമുഖ അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയുമായ ആനിന്റെ രാജി.

ഗാസയിലെ ജനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത് ആർക്കും ഗുണം ചെയ്യുന്ന യുദ്ധമല്ലെന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ സബ്സ്റ്റാക്കിൽ പങ്കുവച്ച രാജിക്കത്തിൽ ആന്‍ പറയുന്നു.

”ഗാസയിലെ യുദ്ധം ഇസ്രയേലിനോ അമേരിക്കയ്‌ക്കോ യൂറോപ്പിനോ ജൂതവിഭാഗത്തിനോ സുരക്ഷിതത്വമുണ്ടാകുന്നില്ല. ഇതില്‍നിന്ന് ലാഭം ലഭിക്കുന്നവർ എണ്ണയ്ക്കുമേൽ താല്‍പ്പര്യമുള്ളവരും ആയുധ നിർമാതാക്കളും മാത്രമാണ്,” ആന്‍ ബോയർ പറയുന്നു.

ഈ ലോകവും ഭാവിയും നമ്മുടെയെല്ലാം ഹൃദയവും യുദ്ധത്തിലൂടെ ചെറുതും കഠിനവുമാകുകയാണ്. ഇത് മിസൈലുകളുടെയും അധിനിവേശത്തിന്റെയും മാത്രം യുദ്ധമല്ല. പതിറ്റാണ്ടുകളായി അധിനിവേശത്തോടും നിർബന്ധിത പലായനത്തോടും ചെറുത്തുനില്‍ക്കുന്ന പലസ്തീന്‍ ജനതയ്ക്കെതിരായ യുദ്ധമാണ്.

ഇത്തരം സാഹചര്യങ്ങളില്‍ കലാകാരന്മാർക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിഷേധമാർഗം നിരസിക്കുക എന്നതാണ്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് നമ്മെ അടുപ്പിക്കാന്‍ ശ്രമിക്കുന്നവർക്കിടയില്‍ എനിക്ക് കവിതയെഴുതാനാകില്ല. വാക്കുകളാല്‍ ശുദ്ധീകരിക്കപ്പെടുന്ന നരകദൃശ്യങ്ങള്‍ ഇനി വേണ്ട. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നുണകള്‍ ഇനി വേണ്ടെന്നും ആന്‍ ബോയർ പറഞ്ഞു.

Anne Boyer resigns as poetry editor of NYC magazine over warmongering lies

More Stories from this section

family-dental
witywide