
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിനു നേരേ വീണ്ടും ഖാലിസ്ഥാനികളുടെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലെ ഹൈന്ദവ ക്ഷേത്ര മതിലുകളില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലുള്ള സ്വാമിനാരായണ്‍ മന്ദിര്‍ വസ്ന സന്‍സ്തയിലെ ചുവരെഴുത്തുകളുടെ വിശദാംശങ്ങള്‍ അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷനാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ക്ഷേത്രം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നെവാര്‍ക്ക് പോലീസിനും പൗരാവകാശ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. പൊലീസ് വിഷയം അന്വേഷിക്കും. ഈ സംഭവം വിദ്വേഷ കുറ്റകൃത്യമായി പോലീസ് അന്വേഷിക്കണമെന്നാണ് അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷന്റെ ആവശ്യം.
ഖാലിസ്ഥാനികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കുന്ന സംഭവം മുമ്പും അമേരിക്കയിലും കാനഡയിലും ഉണ്ടായിട്ടുണ്ട്. ഖലിസ്ഥാൻ വാദിയും യുഎസ് പൌരനുമായ ഗുർപട്വന്ദ് സിങ് പന്നൂനെ വധിക്കാൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന അമേരിക്കയുടെ ആരോപണം ശക്തമായി നിലനിൽക്കെയാണ് ഈ സംഭവം. ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെടുന്നത് അമേരിക്കയിലെ ആദ്യ സംഭവമല്ല.
അടുത്തിടെ, കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സറേ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം നശിപ്പിക്കുകയും ഖാലിസ്ഥാനി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണ്‍ 18 നാണ് കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിയുക്ത തീവ്രവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് നിജ്ജാര്‍. കനേഡിയന്‍ സിഖ് സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി അടുപ്പത്തിലായിരുന്നു നിജ്ജാര്‍. പഞ്ചാബിലെ ജലന്ധര്‍ ജില്ലക്കാരനായിരുന്ന ഇയാള്‍ 2022ല്‍ പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ഒളിവില്‍പ്പോയിരുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെക്കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 2022ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.