
ന്യൂയോര്‍ക്ക് : പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ പ്രസിഡന്റ് എം. എലിസബത്ത് മഗില്‍ രാജിവച്ചു. പലസ്തീനിയന്‍ സാഹിത്യ സമ്മേളനത്തോടുള്ള സമീപനത്തിലും ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തോടുള്ള സര്‍വകലാശാലയുടെ പ്രാരംഭ പ്രതികരണത്തിലും തന്റെ പ്രതികരണങ്ങള്‍ക്കൊണ്ട് മഗില്‍ അടുത്തിടെയായി ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
പ്രസിഡണ്ടായി ഒരു വര്‍ഷത്തിലേറെയായി, 2023ന്റെ അവസാന മാസങ്ങളിലാണ് മഗില്‍ ശ്രദ്ധാകേന്ദ്രമായത്, പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ യഹൂദ വിരുദ്ധതയോടുള്ള പ്രതികരണം മഗിലിനെ വിമര്‍ശനത്തിന് പാത്രമാക്കി. 2023 സെപ്റ്റംബറില്‍ പലസ്തീന്‍ റൈറ്റസ് എന്ന ഓണ്‍-കാമ്പസ് സാഹിത്യോത്സവത്തില്‍ ഫലസ്തീനികളെ പിന്തുണച്ച് പ്രതിഷേധിക്കുന്ന ഫാക്കല്‍റ്റികളുടെയും വിദ്യാര്‍ത്ഥികളുടെയും അക്കാദമിക് സ്വാതന്ത്ര്യത്തിന് മതിയായ പിന്തുണ നല്‍കാത്തതിന് മഗില്‍ വിമര്‍ശിക്കപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
യഹൂദ വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങള്‍ കാമ്പസ് നയങ്ങള്‍ക്ക് കീഴിലുള്ള ഭീഷണിപ്പെടുത്തലും ഉപദ്രവവും ആയി കണക്കാക്കുമോ എന്നതിനെ കുറിച്ച് മൂന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റുമാര്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ എലീസ് സ്റ്റെഫാനിക്കുമായി നടത്തിയ ആശയവിനിമയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിരുന്നു. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നത് സര്‍വകലാശാലയുടെ നയം ലംഘിക്കുമോ എന്നത് ‘സന്ദര്‍ഭത്തെ ആശ്രയിച്ചിരിക്കും’ എന്നാണ് അന്ന് മഗില്‍ പ്രതികരിച്ചത്. ഇതിനെ ഡെമോക്രാറ്റ് പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ ഉള്‍പ്പെടെ അപലപിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മഗിലിന്റെ രാജി എത്തിയിരിക്കുന്നത്.