വാഷിങ്ടൺ: സെനറ്റ് ഹിയറിങ്ങിനിടെ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുദ്ധവിരുദ്ധ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസംഗം തടസ്സപ്പെട്ടു. ബ്ലിങ്കൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേർ ഒന്നിച്ചു നിന്ന് വെടിനിർത്തലിനായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബ്ലിങ്കൻ സംസാരം ഇടക്ക് നിർത്തി.
പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പ്രതിഷേധക്കാർ ഗാസ ഉപരോധം വേണ്ട എന്നെഴുതിയ പ്ലക്കാർഡുകൾ കൈകളിലേന്തിയിരുന്നു. ഇസ്രയേലിന് ഫണ്ട് നൽകുന്നത് നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ചിലർ രക്തത്തിന്റെ പ്രതീകമായി കൈകളിൽ ചുവന്ന നിറം പുരട്ടിയിരുന്നു. മാനുഷിക കാര്യങ്ങളാൽ വെടിനിർത്തലിന്റെ സാധ്യതയെ കുറിച്ച് പരിശോധിക്കാമെന്നും യുദ്ധം അവസാനിക്കുന്നത് കാണാൻ നമ്മളെല്ലാം ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ബ്ലിങ്കൻ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് ഹിയറിങ് പല തവണ തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. പിന്നീട് കാപിറ്റോൾ പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മുറിയിൽ നിന്ന് പുറത്താക്കിയത്. അനധികൃതമായി ഡിർക്സെൻ സെനറ്റ് ഓഫിസിൽ കയറിയതിന് 12 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.