ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്ന് അൻ്റോണിയോ ഗുട്ടെറസ്; പണിനിർത്തി പോകാൻ ഗുട്ടെറെസിനോട് ഇസ്രയേൽ

ന്യൂയോർക്ക്; ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൻ്റെ ദുരന്തങ്ങൾ ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ ജീവിതത്തെ പിച്ചിചീന്തുന്നത് കണ്ട് നോക്കിനിൽക്കുകയല്ലാതെ ഇത് അവസാനിപ്പിക്കാനുള്ള ഒരു നടപടിയും ആരുടെ പക്ഷത്തുനിന്നും ഉണ്ടാകുന്നില്ല. ലോകത്ത് സമാധാനം നിലനർത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ തുടങ്ങിയ ഐക്യ രാഷ്ട്ര സഭയുടെ ശബ്ദം നേർത്തു നേർത്തു വരികയാണ്.

ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ലെന്നും മാനുഷികനിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഗാസയിൽ നടക്കുന്നതെന്നും എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് യുഎൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. 56 വർഷമായി നേരിടുന്ന അധിനിവേശത്തിൽ വീർപ്പുമുട്ടുകയാണ് പലസ്തീൻ.ഗാസയിൽ മനുഷ്യർ കൊടും ദുരിതത്തിലാണെന്നും വെടിനിർത്തൽ അനിവാര്യമാണെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.

പ്രദേശത്തേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കാൻ മാനുഷിക പരിഗണന കാട്ടണം. അക്രമം കൂടുതൽ ജീവൻ അപഹരിക്കുകയും കൂടുതൽ ദൂരത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നതിനുമുമ്പ് എല്ലാവരും ഇതിൽ നിന്നും പിന്മാറണം.

ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരത ന്യായീകരിക്കാനാവില്ലെന്നും എല്ലാ ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ഹമാസ് നടത്തിയ അക്രമങ്ങൾക്ക് പലസ്തീൻ ജനതയ്ക്ക് നേരെയുള്ള കൂട്ടായ ആക്രമണമല്ല മറുപടിയെന്നും അദ്ദേഹം പറഞ്ഞു. ഏത് സായുധ യുദ്ധത്തിലും സാധാരണക്കാരെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്, എന്നാൽ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതാണ് ഇവിടെ കാണാനാകുന്നതെന്നും യുഎൻ മേധാവി പറഞ്ഞു.

സാധാരണക്കാരായ പൗരന്മാരെ സംരക്ഷിക്കുക എന്നതിനർത്ഥം ഒരു ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും മറ്റൊരിടത്തേക്ക് പോകാൻ പറയുകയുമല്ല. അവിടെ പാർപ്പിടമോ ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇന്ധനമോ ഒന്നുമില്ല, എന്നിട്ട് അവർ പോയ സ്ഥലങ്ങളിലേക്ക് തന്നെ ബോംബാക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിൻ്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്ന ഗുട്ടെറസിൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഇസ്രയേൽ ആഞ്ഞടിച്ചു. അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയിൽ നിന്ന് രാജിവയ്ക്കണമെന്ന് ഇസ്രയേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. ഗുട്ടെറസിന് ‘ ധാർമ്മികതയും നിഷ്പക്ഷതയും’ നഷ്ടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി

പലസ്തീൻ പൗരന്മാർ സംരക്ഷിക്കപ്പെടണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. പൗരന്മാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമുള്ള ആളുകൾക്ക് ഗാസയിലേക്ക് എത്തിക്കാൻ ഇസ്രയേൽ അനുവദിക്കണമെന്നും ബ്ലിങ്കൻ പറഞ്ഞു.

പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വൻതോതിൽ വർധനവുണ്ടായതിനെത്തുടർന്ന് ഗാസയിലെ ആരോഗ്യ സൗകര്യങ്ങളുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.35 ആശുപത്രികളിൽ 12 എണ്ണം ഉൾപ്പെടെ 72 ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ 46 എണ്ണം പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ ഗാസ പ്രദേശം അടച്ചുപൂട്ടിയതോടെ ഗാസയിലെ 2.3 ദശലക്ഷം ആളുകൾ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വലയുകയാണ്.

Antonio Guterres alleges law violations in Gasa. Israel rejects calls for a cease fire

More Stories from this section

family-dental
witywide