ചൈനയിൽ ആപ്പിൾ ഉത്പന്നങ്ങൾക്ക് നിരോധനം; സർക്കാർ ജീവനക്കാർക്ക് നിർദേശം

ബെയ്ജിങ്: ചൈനയുടെ സാങ്കേതിക മേഖലയിൽ കാര്യമായ മാറ്റം സംഭവിക്കുന്നു. ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തുടനീളമുള്ള ചൈനീസ് ഏജൻസികളും സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ജോലിസ്ഥലത്തേക്ക് ആപ്പിളിന്റെ ഐഫോണുകളോ മറ്റ് വിദേശ നിർമ്മിത ഉപകരണങ്ങളോ കൊണ്ടുവരരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.

വിദേശ സാങ്കേതിക വിദ്യകളിലുള്ള ആശ്രിതത്വം കുറയ്ക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാനം നേരത്തെ മുതലേ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ട്. . ഇതിന്റെ ഭാഗമായി ബാങ്കുകളോട് തദ്ദേശീയമായി നിര്‍മിച്ച സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയും സെമികണ്ടക്ടര്‍ ചിപ്പുകള്‍ ചൈനയില്‍ തന്നെ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

എട്ടോളം പ്രവിശ്യകളിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാരോട് ചൈനീസ് ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കിടെ ഐഫോണുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ വലിയ നഗരങ്ങളിലും കോര്‍പ്പറേഷനുകളിലും കൂടാതെ ഷെജിയാങ്, ഷാന്‍ഡോംഗ്, ലിയോണിംഗ്, സെന്‍ട്രല്‍ ഹെബെയ് എന്നിവയുള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ നിന്നുള്ള ചെറു നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളും ഏജന്‍സികളും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

അതേസമയം ചൈനയെ പൂര്‍ണമായി ആശ്രയിക്കുന്നതില്‍ നിന്ന് ആപ്പിളും പിന്മാറുകയാണ്. ഇന്ത്യ, വിയറ്റ്‌നാം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്ക് ഉല്പാദന ജോലികള്‍ ആപ്പിള്‍ വ്യാപിപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഇപ്പോള്‍ ആപ്പിളിന്റെ നിര്‍മാണ പങ്കാളിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ് ടാറ്റ ഗ്രൂപ്പ്.

More Stories from this section

family-dental
witywide