ആപ്പിളിന് അമേരിക്കയെ വേണം; നിരോധനത്തിനെതിരെ അപ്പീലുമായി ആപ്പിള്‍

വാഷിങ്ടണ്‍: യുഎസില്‍ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് സീരീസ് 9, അള്‍ട്രാ 2 എന്നീ മോഡലുകളുടെ ഇറക്കുമതി നിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണ് ആപ്പിള്‍ കമ്പനി.

സ്മാര്‍ട്ട് വാച്ച് വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ആപ്പിള്‍ വാച്ചിന്റെ ഓരോ തലമുറയിലും ആപ്പിള്‍ ഫിറ്റ്നസും ആരോഗ്യ സവിശേഷതകളും ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുന്നു. സെപ്റ്റംബറില്‍, ആപ്പിള്‍ വാച്ച് സീരീസ് 9 പുറത്തിറക്കി, ആരോഗ്യ ഡാറ്റ ആക്സസ് ചെയ്യാനും ലോഗ് ചെയ്യാനുമുള്ള കഴിവ് പോലുള്ള സവിശേഷതകള്‍ക്കൊപ്പം വര്‍ദ്ധിച്ച പ്രകടനവും ഇതിനു സ്വന്തമായിരുന്നു.

‘യുഎസ്ഐടിസി തീരുമാനത്തോടും തത്ഫലമായുണ്ടാകുന്ന ഒഴിവാക്കല്‍ ഉത്തരവിനോടും ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു, യുഎസിലെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവ എത്രയും വേഗം തിരികെ നല്‍കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നു’ വെന്ന് ആപ്പിള്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബറില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയുടെ കൈവശമുള്ള ബ്ലഡ് ഓക്സിജന്‍ സെന്‍സിംഗുമായി ബന്ധപ്പെട്ട രണ്ട് ആരോഗ്യ-സാങ്കേതിക പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചുവെന്ന് വിധിച്ച യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനാണ് വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 24ന് യു.എസിലെ ഏകദേശം 270 റീറ്റെയ്ല്‍ സ്റ്റോറുകളിലെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓണ്‍ലൈന്‍ വില്‍പ്പനയും നിര്‍ത്തി.

വാറന്റി അവസാനിച്ച ഇത്തരം വാച്ച് മോഡലുകളില്‍ വരുന്ന കേടുപാടുകള്‍ നന്നാക്കാനും ഇനി കഴിയില്ലെന്ന് ആപ്പിള്‍ അറിയിച്ചു. ക്രിസ്മസ്, പുതുവര്‍ഷാരംഭം ഉള്‍പ്പെടെയുള്ള അവധിദിനങ്ങളിലെ ഷോപ്പിംഗിനെ ഈ വില്‍പ്പന നിരോധനം ബാധിച്ചിട്ടുണ്ട്.

ആപ്പിള്‍ വാച്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കാന്‍ മാസിമോ ഈ സമയം, ഉപയോഗിക്കുന്നുവെന്ന് ആപ്പിള്‍ കുറ്റപ്പെടുത്തി. മാത്രമല്ല, മാസിമോ ആപ്പിള്‍ വാച്ച് സാങ്കേതികവിദ്യ പകര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം അവസാനം ആപ്പിള്‍ രണ്ട് പേറ്റന്റ് ലംഘന കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.