കൊൽക്കത്ത: ഇതിഹാസ ബംഗാളി കവി കാസി നസ്‌റൂള്‍ ഇസ്‌ലാമിന്റെ ജനപ്രിയ ഗാനം എആർ റഹ്‌മാൻ ഒരു പുതിയ ബോളിവുഡ് സിനിമയിൽ ആലപിച്ചതിനെച്ചൊല്ലി പുതിയ വിവാദങ്ങളും വിമർശനങ്ങളും. മൃണാള്‍ ഠാക്കൂറും ഇഷാന്‍ ഖട്ടറും ഒന്നിച്ച പിപ്പ എന്ന സിനിമയ്ക്കു വേണ്ടി ബംഗ്ലദേശ് ദേശീയവാദി കവി നസ്‌റൂള്‍ ഇസ്ലാമിന്റെ കവിത സംഗീതം നല്‍കി വികൃതമാക്കി എന്നാണ് കവിയുടെ കുടുംബം ആരോപിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 10ന് ആണ് പിപ്പ റിലീസ് ചെയ്തത്.
‘കരാര്‍ ഓയ് ലൗഹോ കോപത്’ എന്ന കവിതയാണ് എആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
“സിനിമയ്ക്ക് വേണ്ടി പാട്ട് ഉപയോഗിക്കുന്നതിന് അമ്മ സമ്മതം നൽകിയിരുന്നു, പക്ഷേ ട്യൂൺ മാറ്റുമെന്ന് പറഞ്ഞിരുന്നില്ല. താളത്തിലും ഈണത്തിലും മാറ്റം വരുത്തി ഗാനം പുറത്തിറക്കിയ രീതി ഞെട്ടിപ്പിക്കുന്നതാണ്,” നസ്‌റൂളിന്റെ ചെറുമകനും ചിത്രകാരനുമായ കാസി അനിർബൻ ശനിയാഴ്ച പിടിഐയോട് പറഞ്ഞു.
‘വിമത കവി’ എന്നറിയപ്പെടുന്ന നസ്‌റൂള്‍ ഇസ്‌ലാം, ബംഗ്ലാദേശിന്റെ ദേശീയ കവിയാണ്, ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ആദരണീയനും ഏറെ പ്രിയപ്പെട്ട വ്യക്തിയുമാണ്. നസ്‌റൂള്‍ ഇസ്ലാമിന്റെ കവിതകള്‍ 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തില്‍ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നു.
“അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളെ സ്നേഹിക്കുന്നവരും എന്ന നിലയിൽ ഞങ്ങൾക്ക് ഈ വികലത അംഗീകരിക്കാൻ കഴിയില്ല. ഇത് ഉടനടി സിനിമയിൽ നിന്ന് ഒഴിവാക്കുകയും പൊതുവിടത്തിൽ നിന്ന് നീക്കം ചെയ്യുകയും വേണം,” നസ്‌റുളിന്റെ ചെറുമകൾ അനിന്ദിത കാസി പറഞ്ഞു.