ചെന്നൈ: മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ റോക്കട്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന്‍ എക്സിൽ കുറിച്ചത്. പുരസ്‌കാര നേട്ടത്തില്‍ നടനും ചിത്രത്തിന്റെ സംവിധായകനുമായ മാധവന് ആശംസ അറിയിച്ചുകൊണ്ടാണ് എ.ആർ.റഹ്മാൻ രംഗത്തെത്തിയത്.
“ആശംസകള്‍ മാധവന്‍. കാന്‍സില്‍ നിങ്ങളുടെ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണ്. ഓപ്പന്‍ഹൈമറിനേക്കാള്‍ നിങ്ങളുടെ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു”- റഹ്മാൻ കുറിച്ചു. കാന്‍സ് ചലച്ചിത്ര മേളയില്‍ റോക്കട്രി കണ്ടതിനു ശേഷം മാധവനെ പ്രശംസിച്ചുകൊണ്ട് പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് റഹ്മാന്റെ കുറിപ്പ്. മാധവനും നമ്പി നാരായണനും ഒന്നിച്ചുള്ള ചിത്രവും റഹ്മാൻ അന്ന് പങ്കുവെച്ചിരുന്നു.
അതേസമയം, റഹ്മാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാധവന്‍ രംഗത്തെത്തി. താങ്കള്‍ എനിക്ക് എല്ലയ്പ്പോഴും പ്രചോദനമായിരുന്നു. താങ്കളുടെ വാക്കുകള്‍ റോക്കട്രി ടീമിന് എത്രത്തോളം വലുതാണെന്ന് പറയാന്‍ വാക്കുകളില്ല. വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്നും മാധവന്‍ മറുപടിയായി കുറിച്ചു.
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 2022ലാണ് റോക്കട്രി റിലീസ് ചെയ്യുന്നത്. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ചിത്രം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയതും മാധവന്‍ തന്നെയായിരുന്നു.