അരവിന്ദ് കെജ്രിവാൾ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ഇ ഡിക്കു മുന്നിൽ ഹാജരാകില്ല. ഇന്ന് 11 മണിക്ക് ഇഡിക്കു മുന്നിൽ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. ഇതേ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആപ് എം പി സഞ്ജയ് സിങ്ങും അറസ്റ്റിലാണ്. കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് ആം ആദ്മി നേതാക്കളും പ്രവർത്തകരും. മോദി സർക്കാർ ഇന്ത്യ മുന്നണിയെ ഭയക്കുന്നെന്നും അതിനാൽ ഓരോ നേതാക്കളെയായി ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യമെന്നും ആപ് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഒരുപാട് കാലമായി ബി ജെ പി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ചോദ്യം ചെയ്യലിനൊടുവിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആം ആദ്മി എംപി രാഘവ് ചദ്ദ പറഞ്ഞു. ബിജെപി ഇവിടംകൊണ്ട് നിർത്തില്ലെന്നും അടുത്ത ലക്ഷ്യം ഹേമന്ത് സോറനും തേജസ്വി യാദവും മമത ബാനർജിയും അഭിഷേഖ് ബാനർജിയും പിണറായി വിജയനും എം കെ സ്റ്റാലിനുമായിരിക്കും. ബി ജെ പിക്ക് എല്ലാവരെയും ജയിലിലാക്കണം, ജനങ്ങൾക്ക് സൗജന്യമായി വിദ്യാഭ്യാസവും വെള്ളവും വൈദ്യുതിയും ആശുപത്രി സേവനങ്ങളും ലഭിക്കുന്നത് ഇല്ലാതാക്കുകയും വേണം- രാഘവ് ചദ്ദ പറയുന്നു.

കെജ്രിവാളിന്റെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കെജ്രിവാൾ മന്ത്രിസഭയിൽ പട്ടികജാതി പട്ടികവർഗ സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രിയാണ് രാജ് കുമാർ ആനന്ദ്.

ആം ആദ്മിക്ക് പ്രതിസന്ധി

നിലവിൽ കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പാർട്ടിക്ക് ഒരു പ്ലാൻ ബി ഇല്ലെന്ന് ഡൽഹി ആം ആദ്മി മന്ത്രി സൗരഭ് ഭരദ്വാജ് ഇന്നലെ പറഞ്ഞിരുന്നു.

. “രണ്ട് ദിവസം മുമ്പ് മനോജ് തിവാരി എ എൻ ഐക്ക് നൽകിയ ഒരു അഭിമുഖത്തിൽ, അടുത്തത് കെജ്രിവാൾ ആണെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറയുന്നത് കേട്ടു. അതെങ്ങനെ മനോജ് തിവാരിക്കറിയാം?” സൗരഭ് ഭരദ്വാജ് ചോദിക്കുന്നു.

വൈകാരികമായി ജനങ്ങളിൽ ഇടപെടുന്ന നേതാവാണ് കെജ്രിവാൾ. അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ ഡൽഹിയിൽ എന്തൊക്കെ ചലനങ്ങളാണ് ഉണ്ടാകുക എന്നത് കാത്തിരുന്നു കാണാം. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത വർഷം തന്നെ, ഡൽഹി അസ്സംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ എന്തൊക്കെ നാടകങ്ങളുണ്ടാകുമെന്ന് കാലം തെളിയിക്കും.

അഴിമതി തുടച്ചുനീക്കാനായി ചൂലുമായി ഇന്ത്യ മുഴുവൻ ഇറങ്ങിയ പാർട്ടിയാണ് ആം ആദ്മി. അതേ പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാം അഴിമതിയുടെ കുരുക്കിൽ പെടുന്നത് വിരോദ്ധാഭാസമാണ്.

Aravind Kejriwal will not appear before ED

More Stories from this section

family-dental
witywide