ന്യൂയോര്‍ക്: സിഖ് വംശജനായ 66കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മരണത്തിന് കാരണക്കാരനാകുകയും ചെയ്‌തെന്ന കേസില്‍ ഗില്‍ബര്‍ട്ട് അഗസ്റ്റിന്‍ എന്ന മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഗസ്റ്റിന്റെ മര്‍ദ്ദനമേറ്റ ജസ്മര്‍ സിംഗ് എന്ന 66 കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന കാറുകള്‍ തമ്മില്‍ ചെറുതായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അഗസ്റ്റിന്‍ ജസ്മര്‍ സിംഗിനെ മര്‍ദ്ദിച്ചത്.
ക്യൂ ഗാര്‍ഡന്‍സിലെ ഹില്‍സൈഡ് അവന്യൂവിനു സമീപത്ത് വാന്‍ വൈക്ക് എക്സ്പ്രസ് വേയില്‍ വെച്ച് ഒക്ടോബര്‍ 19 നാണ് സംഭവം നടന്നത്. കാറുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് രണ്ട് കാറുകള്‍ക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അപകടം സംഭവിച്ചയുടന്‍ സിംഗ് 911ല്‍ വിളിച്ച് വിവരമറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം അഗസ്റ്റിന്‍ ഇദ്ദേഹത്തിന്റെ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു.
ജസ്മര്‍ സിംഗ് അഗസ്റ്റിന്റെ കയ്യില്‍ നിന്ന് ബലമായി ഫോണ്‍ തിരികെ മേടിച്ചു. ഇതോടെ ക്ഷുഭിതനായ അഗസ്റ്റിന്‍ സിംഗിനെ മര്‍ദ്ദിക്കുകയായിരുന്നു. തലയില്‍ പലതവണ മര്‍ദ്ദിച്ചുവെന്നാണ് ദൃക്‌സാക്ഷി മൊഴി. അവശനിലയിലായ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കേസില്‍ നരഹത്യ, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അഗസ്റ്റിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.