അദാനിക്കെതിരെ വാർത്ത; മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് ഗുജറാത്ത് പൊലീസിന് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ ഗുജറാത്ത്‌ പൊലീസിന്‌ സുപ്രീംകോടതി നിർദേശം. മാധ്യമപ്രവർത്തകരായ രവി നായർ, ആനന്ദ്‌ മംഗ്‌നാലേ എന്നിവരെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ ജസ്റ്റിസ്‌ ഭൂഷൺ ഗവായ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ നിർദേശം . നൽകിയത്‌. ഓർഗനൈസ്‌ഡ്‌ ക്രൈം ആൻഡ്‌ കറപ്‌ഷൻ റിപ്പോർട്ടിങ്ങ്‌ പ്രോജക്‌ട്‌ (ഒസിസിആർപി) എന്ന അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാണ് ഇരുവരും. അദാനിക്ക് എതിരെ വന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനു പിന്നാലെ ഇവരുടെ വെബ്സൈറ്റിലും അദാനിയുടെ കള്ളപ്പണം വെളുപ്പുക്കൽ ഇടപാടിനെ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു,

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന്‌ ഹാജരാകാൻ അഹമ്മദാബാദ്‌ ക്രൈംബ്രാഞ്ച്‌ രവിനായർക്കും ആനന്ദ്‌മംഗ്‌നാലേക്കും സമൻസുകൾ അയച്ചിരുന്നു. തുടർന്നാണ്‌, മാധ്യമപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ച്‌ ഇടക്കാല സംരക്ഷണം നേടിയത്‌. ‘ഇന്ത്യയിലെ പ്രബലരായ അദാനിഗ്രൂപ്പിന്റെ അടിത്തറ കുലുക്കിയ സ്റ്റോക്ക്‌ ഉപജാപങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന രേഖകൾ’ എന്ന റിപ്പോർട്ടിന്റെ പേരിലാണ്‌ നടപടി.

എന്തടിസ്ഥാനത്തിലാണ്‌ ചോദ്യംചെയ്യാൻ വിളിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ ഒരു നിക്ഷേപകന്റെ പരാതിയുണ്ടെന്നായിരുന്നു പൊലീസിന്റെ പ്രതികരണമെന്ന്‌ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങ്‌ ചൂണ്ടിക്കാട്ടി. ഇതുവരെ കേസ്‌ റജിസ്റ്റർ ചെയ്‌തിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ചോദ്യംചെയ്യലിന്‌ ഹാജരാകുന്ന അവസരത്തിൽ ബോധ്യപ്പെടുത്താമെന്ന മറുപടിയാണ്‌ പൊലീസ്‌ നൽകിയത്‌. ഈ സാഹചര്യത്തിൽ, തന്റെ കക്ഷികൾ സമൻസ്‌ പ്രകാരം ചോദ്യംചെയ്യലിന്‌ ഹാജരായാൽ അറസ്റ്റ്‌ ഉണ്ടാകുമോയെന്ന ആശങ്കയുണ്ടെന്നും ഇന്ദിരാ ജയ്‌സിങ്ങ്‌ കോടതിയെ അറിയിച്ചു.

Article on Adani; Sc Grants Interim protection to two journalists