തൊടുപുഴ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാര്‍ട്ടി സ്ഥാനാർഥി ബീന കുര്യനാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പിടിച്ചെടുക്കുകയായിരുന്നു.
‘കേരളത്തില്‍ ആംആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നു. നിയുക്ത വാര്‍ഡ് മെമ്പറായ ബീന കുര്യന് അഭിനന്ദനങ്ങള്‍. ഈ വിജയം കേരളത്തിലെ പ്രതിബന്ധതയുള്ള എല്ലാ എഎപി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു.’ സന്തോഷം പങ്കുവച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ എക്‌സില്‍ കുറിച്ചു. ബീനയെ അഭിനന്ദിക്കുന്ന കേരളത്തിലെ എഎപി കേരള ഘടകത്തിന്റെ പോസ്റ്റ് പങ്കുവെച്ചാണ് കെജ്രിവാളിന്റെ അഭിനന്ദനം എത്തിയത്. കേരളത്തില്‍ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്നാണ് കേരള ഘടകം എക്‌സില്‍ കുറിച്ചത്.
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിക്ക് പുറമേ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.