ഏഷ്യ കപ്പ് ക്രിക്കറ്റ്:ലങ്ക ഫൈനലില്‍, ഇന്ന് ഇന്ത്യ – ബംഗ്ലദേശ് പോരാട്ടം

കൊളംബോ: ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ച ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഇതോടെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ലങ്കയെ നേരിടും. ഞായറാഴ്ചയാണ് ഇന്ത്യ – ശ്രീലങ്ക ഫൈനൽ. ഇന്നലെ മഴ കാരണം ശ്രീലങ്ക പാകിസ്താൻ മത്സരം വൈകിയതിനാൽ 45 ഓവറാക്കി ചുരുക്കിയിരുന്നു. പാകിസ്താന്റെ ബാറ്റിംഗ് തുടങ്ങിയപ്പോൾ വീണ്ടും മഴ തടസപ്പെടുത്തിയതിനാൽ ഓവർ 42 ആക്കി വെട്ടിച്ചുരുക്കി. 42 ഓവറില്‍ ഏഴിന് 252 എന്നതായിരുന്നു പാകിസ്താന്റെ സ്‌കോർ. ശ്രീലങ്ക 42 ഓവറിൽ 8ന് 252.

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ – ബംഗ്ലദേശ് മത്സരമാണ്. സൂപ്പർ ഫോറിന്റെ അവസാന മത്സരം ഇന്ന് വൈകുന്നേരം 3 മണിക്ക് ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ ഫൈനലിൽ എത്തിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയപ്രാധാന്യം കൊടുക്കുന്നില്ല.

അതുകൊണ്ട് തന്നെ പ്ലെയിങ് ഇലവനിൽ മാറ്റം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ മത്സരങ്ങളിൽ അവസരം കിട്ടാതെ പോയ താരങ്ങളാകും ഇന്ന് ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ സാധ്യത.

ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തന്നെയാകും ടീമിന്റെ ഓപ്പണർമാർ. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. പകരം സൂര്യകുമാർ യാദവോ തിലക് വർമ്മയൊ ഇറങ്ങും. പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടിയ കെ എൽ രാഹുലാകും അഞ്ചാം നമ്പറിൽ ഇറങ്ങുക. പരിക്കിനെ തുടർന്ന് മാറി നിന്ന ശ്രേയസ് അയ്യർ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമെന്ന് സൂചനയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യാ എന്നിവർക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ഷർദുൽ താക്കൂർ എന്നിവരും ഇറങ്ങിയേക്കും